ന്യൂഡൽഹി: രാഷ്‌ട്രപതി ഭവന്റെ മുഗൾ ഗാർഡൻ ഇനിമുതൽ അമൃത് ഉദ്യാൻ എന്നറിയപ്പെടുമെന്ന് കേന്ദ്ര സർക്കാർ. സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികം ഇന്ത്യ ആഘോഷിക്കുന്നതിന്റെ ഭാഗമായാണ് മുഗൾ ഗാർഡൻ എന്ന പേര് പുനർനാമകരണം ചെയ്യാനുള്ള തീരുമാനം കേന്ദ്ര സർക്കാർ കൈക്കൊണ്ടത്. ആസാദി കാ അമൃത് മഹോത്സവ് എന്ന പ്രമേയവുമായി ചേരുന്നതിനാലാണ് അമൃത് ഉദ്യാൻ എന്ന പേര് നൽകിയിരിക്കുന്നതെന്ന് അധികൃതർ വ്യക്തമാക്കി.
രാഷ്‌ട്രപതി ദ്രൗപദി മുർമുവിന്റെ ഡെപ്യൂട്ടി സെക്രട്ടറി നവീക ഗുപ്തയാണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്. പൂന്തോട്ടത്തിന്റെ ഉദ്ഘാടനം വരുന്ന ഞായറാഴ്ച രാഷ്‌ട്രപതി നിർവഹിക്കും. ജനുവരി 31 മുതൽ മാർച്ച് 26 വരെയുള്ള രണ്ട് മാസം ഉദ്യാനം സന്ദർശിക്കാൻ പൊതുജനങ്ങൾക്ക് അവസരം നൽകും. എല്ലാ വർഷവും ഫെബ്രുവരിയിലാണ് ഉദ്യാനം തുറന്നു നൽകുന്നത്. ഫെബ്രുവരി-മാർച്ച് മാസങ്ങളിൽ ഉദ്യാനത്തിലെ പൂക്കൾ വിരിയുമെന്നതിനാലാണിത്.
രണ്ട് മാസം പൊതുദർശനത്തിനായി അനുവദിക്കുന്നതിന് പുറമെ കർഷകർ, ദിവ്യാംഗർ തുടങ്ങിയ വിഭാഗക്കാർക്ക് പൂന്തോട്ടം സന്ദർശിക്കാൻ പ്രത്യേക അവസരം നൽകുമെന്നും ഇതിനായി സർക്കാർ പദ്ധതിയിട്ടിട്ടുണ്ടെന്നും നവീക ഗുപ്ത അറിയിച്ചു.
















Comments