റാഞ്ചി: ഝാർഖണ്ഡിൽ തൃതീയ-സമ്മേളൻ പ്രസ്തുതി കമ്മറ്റിയെന്ന (ടിഎസ്പിസി) നിരോധിത സംഘടനയും സുരക്ഷാ ഉദ്യോഗസ്ഥരും തമ്മിൽ ഏറ്റുമുട്ടൽ. തലസ്ഥാന നഗരമായ റാഞ്ചിയുടെ പ്രാന്ത പ്രദേശത്ത് ഞായറാഴ്ച രാത്രി എട്ട് മണിയോടെയാണ് സംഭവം. ബുഡ്മു ബ്ലോക്കിന് സമീപമുള്ള സുമോ വനമേഖലയിൽ തമ്പടിച്ചിരുന്ന ഭീകരർ പരിശോധനയ്‌ക്കെത്തിയ സുരക്ഷാ സേനയ്‌ക്ക് നേരെ വെടിയുതിർക്കുകയായിരുന്നു.
ഏറ്റുമുട്ടൽ നടന്നത് രാത്രിയായതിനാൽ ഇരുട്ടിന്റെ മറവിൽ ഭീകരർ രക്ഷപ്പെട്ടു. 777 INSUS ബുള്ളറ്റുകൾ, ഏഴ് വാക്കി-ടോക്കി, എട്ട് വാക്കി-ടോക്കി ചാർജറുകൾ എന്നിവ സംഭവസ്ഥലത്ത് നിന്നും കണ്ടെടുത്തതായി പോലീസ് അറിയിച്ചു. മേഖലയിൽ കൂടുതൽ പരിശോധന നടത്തുന്നതിനായി ഝാർഖണ്ഡ് ജഗ്വാർ സംഘത്തെ നിയോഗിച്ചിട്ടുണ്ട്.
റാഞ്ചി എസ്എസ്പി കിഷോർ കൗശലിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് സുമോ വനമേഖലയിൽ സുരക്ഷാ ഉദ്യോഗസ്ഥർ പരിശോധനയ്‌ക്കെത്തിയത്. ടിഎസ്പിസിയുടെ ഏരിയാ കമാൻഡറായ വിക്രം ഗഞ്ചുവും സംഘവും മേഖലയിൽ ക്യാമ്പ് നടത്തുന്നുണ്ടെന്നും വലിയ ഭീകരാക്രമണത്തിന് പദ്ധതിയിടുന്നുണ്ടെന്നുമായിരുന്നു പോലീസിന് ലഭിച്ച വിവരം. തുടർന്നായിരുന്നു പരിശോധന നടന്നത്. ഏറ്റുമുട്ടലിൽ സുരക്ഷാ ഉദ്യോഗസ്ഥർക്ക് പരിക്കേറ്റിട്ടില്ലെന്ന് എസ്എസ്പി വ്യക്തമാക്കി.
Comments