തിരുവനന്തപുരം: കെആർ നാരായണൻ ഇൻസ്റ്റിറ്റ്യൂട്ട് ചെയർമാൻ സ്ഥാനം രാജി വെച്ചതിന് പിന്നാലെ വിവാദങ്ങളിൽ പ്രതികരിച്ച് അടൂർ ഗോപാലകൃഷ്ണൻ. ജാതി അധിക്ഷേപം അടക്കം മുൻനിർത്തി ഡയറക്ടർ ശങ്കർ മോഹനെതിരെ നടത്തിയ വിദ്യാർത്ഥി സമരത്തിൽ അടൂരിനെതിരെയും പരാതി ഉയർന്നിരുന്നു. ഡയറക്ടറെ സംരക്ഷിക്കുന്ന നിലപാടാണ് ചെയർമാനായ അടൂർ ഗോപാലകൃഷ്ണൻ സ്വീകരിച്ചത് എന്നായിരുന്നു ആക്ഷേപം. ഇപ്പോഴിതാ, രാജിക്ക് പിന്നാലെ സമരം നടത്തുന്ന വിദ്യാർത്ഥികളെ തള്ളിപ്പറയുകയാണ് അടൂർ. അനാവശ്യമായി കള്ളങ്ങൾ പറഞ്ഞ് സമരം സൃഷ്ടിക്കുകയും ജനങ്ങളെ പറഞ്ഞ് തെറ്റിദ്ധരിപ്പിക്കുകയുമാണ് വിദ്യാർത്ഥികളെന്ന് സംവിധായകൻ അവകാശപ്പെട്ടു.
‘ശങ്കർ മോഹൻ വന്ന സമയത്ത് ക്യാമ്പസ് മുഴുവൻ നടന്നു കണ്ടു. ബോയ്സ് ഹോസ്റ്റലിന് പിറകിൽ 17 ചാക്ക് മദ്യ കുപ്പികളാണ് കണ്ടത്. അത് ഇപ്പോഴും അവിടെതന്നെ കിടപ്പുണ്ട്. കാണണം എന്നുള്ളവർക്ക് പോയി നോക്കാം. അതിനെപ്പറ്റി അന്വേഷണ കമ്മീഷൻ ചോദിച്ചപ്പോൾ സിനിമാ ഷൂട്ടിംഗിന് കൊണ്ടു വന്നതായിരുന്നു എന്നാണ് മറുടി നൽകിയത്. എന്നാൽ, ഏത് സിനിമയാണെന്ന് ചോദിക്കാൻ അന്വേഷണ കമ്മീഷൻ തയ്യാറായില്ല. ഇങ്ങനെയാണ് അന്വേഷണം നടക്കുന്നത്. പ്രതിഷേധത്തിന്റെ ഭാഗമായുള്ള രാജിയാണിത്, ധാർമ്മികതയുടെ ഭാഗമല്ല. അനാവശ്യമായി കള്ളങ്ങൾ പറഞ്ഞ് സമരം സൃഷ്ടിച്ചെടുത്ത് ജനങ്ങളെ വിശ്വസിപ്പിക്കുക എന്നതാണ് നടന്നത്’.
‘വഴിയിൽ കാണുന്നവരെല്ലാം ശങ്കർ മോഹന്റെ ഭാര്യയെപ്പറ്റി മോശം പറയുന്നു. അവരെപ്പറ്റി ആർക്കും അറിഞ്ഞൂടാ. മാദ്ധ്യമ പ്രവർത്തകരിൽ ആരെങ്കിലും സത്യം എന്താണെന്ന് അവരോട് അന്വേഷിച്ചോ. എന്നാൽ, ഞാൻ അന്വേഷിച്ച് ബോദ്ധ്യപ്പെട്ട ശേഷമാണ് സംസാരിക്കുന്നത്. അറിയാവുന്ന കാര്യമായതിനാലാണ് ഞാൻ കൃത്യമായി പറയുന്നത്. സ്റ്റുഡന്റ്സ് യൂണിയൻ ചെയർമാൻ അയാളുടെ അച്ഛന്റെ പ്രായമുള്ള അസോസിയേറ്റ് പ്രൊഫസറുടെ കഴുത്തിന് കയറി പിടിച്ചു. എന്നിട്ട് മന്ത്രിയുടെയും അന്വേഷണ കമ്മീഷന്റെയും മുന്നിൽ പൊട്ടിക്കരയുകയാണ്. എല്ലാം വിദ്യാർത്ഥികളുടെ കള്ളത്തരമാണ്’ എന്നും അടൂർ ഗോപാലകൃഷ്ണൻ പറഞ്ഞു.
















Comments