ഇസ്ലാമാബാദ്: പാകിസ്താനിലെ പെഷവാറിൽ നടന്ന ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം നൂറ് കവിഞ്ഞുവെന്ന് റിപ്പോർട്ട്. പോലീസുകാരും സൈനിക ഉദ്യോഗസ്ഥരും ഇമാമും ഉൾപ്പെടെയുള്ളവരാണ് ചാവേറാക്രമണത്തിൽ കൊല്ലപ്പെട്ടത്. 150-ലധികം പേർ പരിക്കേറ്റ് ചികിത്സയിലാണെന്നാണ് വിവരം.
ചൊവ്വാഴ്ച വൈകിട്ടോടെ പെഷവാർ പോലീസ് സംഘം രക്ഷാപ്രവർത്തനം അവസാനിപ്പിച്ചിരുന്നു. സ്‌ഫോടനത്തിൽ തകർന്ന മസ്ജിദിന്റെ അവിശിഷ്ടങ്ങൾക്കിടയിൽ നിന്നും പരിക്കേറ്റവരെ പുറത്തെടുക്കുന്നത് ഏറെ ദുഷ്‌കരമായ പ്രവൃത്തിയായിരുന്നുവെന്ന് പെഷവാർ പോലീസ് പ്രതികരിച്ചു. ചാവേറായി എത്തിയ ഭീകരന്റെ തലയും കെട്ടിടാവശിഷ്ടത്തിനിടയിൽ നിന്ന് ലഭിച്ചിരുന്നുവെന്നാണ് സൂചന.
പരിക്കുകളോടെ രക്ഷപ്പെട്ടവർ ഞെട്ടിപ്പിക്കുന്ന അനുഭവമാണ് മാദ്ധ്യമങ്ങളോട് പങ്കുവച്ചത്. കാൽപാദം ഒടിഞ്ഞ നിലയിൽ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന 23-കാരനായ പോലീസ് കോൺസ്റ്റബിൾ വജാഹത് അലിയുടെ പ്രതികരണം ഇപ്രകാരമായിരുന്നു. ”സ്‌ഫോടനത്തിന് പിന്നാലെ, കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ, ശ്വാസം പോലും നേരെ ലഭിക്കാതെ, ഏഴ് മണിക്കൂറുകളാണ് ചിലവഴിക്കേണ്ടി വന്നത്. എന്റെ ശരീരത്തിന് മുകളിൽ ഒരു മൃതദേഹവുമുണ്ടായിരുന്നു. രക്ഷപ്പെടുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല.” പോലീസുകാരൻ പറഞ്ഞു.
മസ്ജിദിൽ നാനൂറോളം പേരാണ് ഒത്തുകൂടിയിരുന്നത്. ഇമാം പ്രാർത്ഥന തുടങ്ങി ഏതാനും സെക്കൻഡുകൾ പിന്നിട്ടപ്പോഴേക്കും ചാവേർ പൊട്ടിത്തെറിച്ചുവെന്ന്, സ്‌ഫോടനത്തിൽ നിന്നും തലനാരിഴയ്‌ക്ക് രക്ഷപ്പെട്ട മറ്റൊരു യുവാവ് ഷഹാദ് അലി പ്രതികരിച്ചു.
തിങ്കളാഴ്ട ഉച്ചയ്‌ക്ക് ഒന്നരയോടെയായിരുന്നു പെഷവാറിലെ മസ്ജിദിൽ ചാവേർ ആക്രമണം ഉണ്ടായത്. പ്രാർത്ഥനയ്‌ക്കായി എത്തിയവർ ഒത്തുകൂടിയിരുന്ന സ്ഥലത്ത് വച്ച് ചാവേർ പൊട്ടിത്തെറിക്കുകയായിരുന്നു. സ്‌ഫോടനത്തിൽ പള്ളിയുടെ മേൽക്കൂര തകർന്ന് വീണതാണ് മരണസംഖ്യ ഉയരാൻ കാരണമായത്.
















Comments