അമൃത്സർ: അനധികൃത ആയുധം കൈവശം വച്ചതിന് ആം ആദ്മി പ്രവർത്തകൻ പിടിയിൽ. പഞ്ചാബിലെ ലുധിയാന ജില്ലയിലാണ് സംഭവം. ജില്ലയിലെ ആം ആദ്മിയുടെ സജീവ പ്രവർത്തകനായ ദീപക് ഗോയലാണ് പിടിയിലായത്. ഇയാളുടെ പക്കൽ നിന്നും 32 ബോർ പിസ്റ്റലുകളും അഞ്ച് തോക്കുകളും പോലീസ് കണ്ടെടുത്തു.
ദീപക് ഗോയലിന്റെ പക്കൽ ആയുധങ്ങളുണ്ടെന്ന രഹസ്യവിവരം പോലീസിന് ലഭിച്ചിരുന്നു. തുടർന്ന് ഇയാളുടെ വസതിയിൽ നടത്തിയ റെയ്ഡിലാണ് ആയുധങ്ങൾ കണ്ടെടുത്തത്. കഴിഞ്ഞ വർഷത്തെ തിരഞ്ഞെടുപ്പിന് മുന്നോടിയായാണ് ഇയാൾക്ക് ആയുധങ്ങൾ ലഭിച്ചതെന്ന് ചോദ്യം ചെയ്യലിൽ ദീപക് വെളിപ്പെടുത്തി. തോക്ക് ലഭിച്ചതിന് പിന്നിൽ ഒരാൾ കൂടിയുണ്ടെന്നും ഇയാൾ പറഞ്ഞു. ഇയാൾക്കായുള്ള തിരച്ചിൽ ആരംഭിച്ചതായി പോലീസ് അറിയിച്ചു.
കഴിഞ്ഞ മാസം സമാന രീതിയിൽ ഒരാളെ അറസ്റ്റ് ചെയ്തിരുന്നു. ഓസ്ട്രലിയന് നിർമിത ഗ്ലോക്ക് പിസ്റ്റലുകളുമായി ആകാശ് ദീപ് എന്നയാളാണ് പോലീസിന്റെ പിടിയിലായത്. ഇത്തരത്തിലുള്ള തോക്കുകൾ അനധികൃതമായി ഇയാൾ ഉപയോഗിച്ചിരുന്നതായി കണ്ടെത്തിയതിനെ തുടർന്നാണ് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.
Comments