ഒറ്റാവ: ഹിന്ദുക്കൾക്കെതിരായി ഉയരുന്ന വിദ്വേഷത്തിൽ ആശങ്ക പ്രകടിപ്പിച്ച് കനേഡിയൻ എംപി ചന്ദ്ര ആര്യ. ബ്രാംപ്ടണിലെ ഹിന്ദു ക്ഷേത്രം ആക്രമിക്കപ്പെട്ടതിന്റെ പശ്ചാത്തലത്തിലാണ് ഇന്ത്യൻ വംശജനായ എംപിയുടെ പ്രതികരണം. കനേഡിയൻ പാർലമെന്റിൽ അംഗങ്ങൾ ഒത്തുകൂടിയപ്പോഴായിരുന്നു ബ്രാംപ്ടൺ ക്ഷേത്രാക്രമണത്തെക്കുറിച്ച് ബുധനാഴ്ച അദ്ദേഹം പരാമർശിച്ചത്.
ഈ അടുത്തകാലത്തായി രാജ്യത്ത് ക്രമാതീതമായി വർധിച്ചിരിക്കുന്ന ഹിന്ദുവിരോധത്തിൽ കനേഡിയൻ ഹിന്ദുസമൂഹം തീർത്തും അസ്വസ്ഥരാണ്. ഏറ്റവും ഒടുവിലായി നടന്ന ബ്രാംപ്ടൺ ക്ഷേത്രാക്രമണം ഭയപ്പെടുത്തുന്ന സൂചനയാണ് നൽകുന്നതെന്നും കാനഡയി വർധിക്കുന്ന ഹിന്ദു വിദ്വേഷത്തിന് തടയിടണമെന്നും ചന്ദ്ര ആര്യ പാർലമെന്റിൽ പറഞ്ഞു.
സോഷ്യൽ മീഡിയയിലൂടെയായിരുന്നു ഹിന്ദുഫോബിയ പ്രചരിച്ചിരുന്നത്. എന്നാലിപ്പോൾ അത് നേരിട്ടുള്ള ആക്രമണത്തിലേക്ക് മാറിയിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബ്രാംപ്ടണിലെ ഗൗരി ശങ്കർ ക്ഷേത്രത്തിൽ നടന്ന ആക്രമണത്തിന് പിന്നിൽ കാനഡയിലെ ഹിന്ദുവിരോധികളും ഇന്ത്യാ വിരോധികളുമാണെന്ന് ചന്ദ്ര നേരത്തെ അഭിപ്രായപ്പെട്ടിരുന്നു. വാക്കുകളിൽ നിലനിന്നിരുന്ന ഹിന്ദുവിരോധം ഇപ്പോൾ പ്രവൃത്തികളിലൂടെ തെളിയിക്കുകയാണെന്നും, കനേഡിയൻ സർക്കാർ വിഷയം ഗൗരവമായി കാണണമെന്നും അദ്ദേഹം വ്യക്തമാക്കി.
കാനഡയിലെ ടൊറന്റോയിലുള്ള ഇന്ത്യൻ കോൺസുലേറ്റ് ജനറലും സംഭവത്തെ അപലപിച്ച് രംഗത്തെത്തിയിരുന്നു. ഇന്ത്യൻ പൈതൃകത്തിന്റെ പ്രതീകം കൂടിയായിരുന്ന ഗൗരി ശങ്കർ ക്ഷേത്രം തകർക്കപ്പെട്ട സംഭവം രാജ്യത്തെ ഹിന്ദുസമൂഹത്തെ അത്യധികം വേദനിപ്പിച്ചതായും അദ്ദേഹം പ്രതികരിച്ചു. ഇതിന് പിന്നാലെയാണ് പാർലമെന്റിൽ ഇന്ത്യൻ വംശജനായ ചന്ദ്ര ആര്യയും ഇക്കാര്യം പരാമർശിച്ചിരിക്കുന്നത്.
















Comments