തിരുവനന്തപുരം: പേവിഷ ബാധയ്‌ക്കെതിരെ തദ്ദേശീയമായി വാക്സിൻ വികസിപ്പിക്കുമെന്ന് ധനമന്ത്രി കെ.എൻ.ബാലഗോപാൽ. സംസ്ഥാന വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിന്റെ അടക്കം സഹായത്തോടെയാണ് തദ്ദേശീയ വാക്സീൻ വികസിപ്പിക്കുക. കേരളാ വാക്സിനായി 5 കോടി രൂപ വകയിരുത്തുന്നതായി ധനമന്ത്രി പറഞ്ഞു.
അതേസമയം, സംസ്ഥാനത്ത് തെരുവുനായ ശല്യം കുറയ്‌ക്കുന്നതിനായി ആവിഷ്കരിച്ച പദ്ധതികൾ ഫലപ്രദമാകാത്തത് ജനങ്ങളുടെ സ്വൈര്യ ജീവിതത്തിന് ഭീഷണിയാകുകയാണ്. കഴിഞ്ഞ വർഷം ഒക്ടോബർ വരെ ആകെ വന്ധ്യംകരിച്ചത് 9001 തെരുവുനായകളെ മാത്രം. നഗരങ്ങളും ഗ്രാമങ്ങളും റെയിൽവേ സ്റ്റേഷനുകളും ആശുപത്രി പരിസരവും ബസ് സ്റ്റാന്റുകളുമെല്ലാം ഇപ്പോഴും നായകളുടെ വിഹാരകേന്ദ്രങ്ങൾ തന്നെയാണ്.
2022 സെപ്റ്റംബർ 1 മുതൽ 2023 ജനുവരി 9 വരെ 15,247 തെരുവു നായകൾക്കാണ് ആന്റി റാബിസ് വാക്സിൻ നൽകിയത്. തൃശൂർ ജില്ലയിലാണ് ഏറ്റവും കൂടുതൽ. 3331 നായകൾക്ക്. എന്നാൽ നൂറ് കുത്തിവെപ്പ് പോലും നടക്കാത്ത 3 ജില്ലകളുണ്ട്. വയനാട് 6, ഇടുക്കി 20, കാസർകോട് 14. ആറു വർഷത്തിനിടെ നായ കടിയേറ്റവരുടെ എണ്ണം 10 ലക്ഷത്തിലധികമാണ്. കഴിഞ്ഞവർഷം 21 ആളുകളാണ് മരിച്ചത്.
















Comments