മദ്യ വില വർധിപ്പിക്കുകയാണെന്ന സംസ്ഥാന സർക്കാർ തീരുമാനത്തിനെതിരെ രൂക്ഷ വിമർശനമാണ് പൊതുജനങ്ങളിൽ നിന്നുയരുന്നത്. മാസങ്ങൾക്ക് മുമ്പ് മദ്യ വില കൂട്ടിയതിന് പിന്നാലെ വീണ്ടും വില വർധിപ്പിച്ചതിനെതിരെയാണ് ജനങ്ങളുടെ പ്രതിഷേധം. സംഭവത്തിൽ പ്രതികരണവുമായി സംവിധായകനും മുൻ മാദ്ധ്യമപ്രവർത്തകനുമായിരുന്ന മുരളി ഗോപിയും രംഗത്തെത്തിയിരിക്കുകയാണ്.
മദ്യവില താങ്ങാനാവാത്ത വിധം ഉയർത്തിക്കൊണ്ട് വരുമ്പോൾ നിങ്ങൾ കളിക്കുന്നത് അതിലും വലിയ ചെകുത്താനായ മയക്കുമരുന്നുമായാണെന്ന് മുരളി ഗോപി പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
”GLARING FUNDA: The more you make liquor unaffordable, the more you play into the bigger evil, Narcotics. ” ഇതായിരുന്നു മുരളിയുടെ വാക്കുകൾ.

ലഹരി കൂടാതെ ദൈനംദിന ജീവിതം മുന്നോട്ട് കൊണ്ടുപോകാൻ കഴിയാത്ത ലക്ഷക്കണക്കിന് സാധാരണക്കാരാണ് സമൂഹത്തിൽ ഏറ്റവുമധികം ഉള്ളതെന്നത് മുരളി ഗോപിയുടെ വാക്കുകൾ ഓർമ്മിപ്പിക്കുന്നു. ഇത്തരം സാധാരണക്കാർ മദ്യത്തെ ആശ്രയിക്കുന്നുവെന്നത് ദോഷകരമാണെങ്കിലും അതിനേക്കാൾ വലിയ വിപത്തായ മയക്കുമരുന്ന് എന്ന ലഹരിയെ ജനങ്ങളും യുവാക്കളും സമീപിക്കുന്നതിനേക്കാൾ ഭേദമാണെന്ന കാര്യം പൊതുസമൂഹം എപ്പോഴും ചർച്ച ചെയ്തിട്ടുള്ളതാണ്.
ഈ സാഹചര്യത്തിലാണ് സർക്കാർ വീണ്ടും മദ്യത്തിന് വില ഉയർത്തിയിരിക്കുന്നത് എന്നുള്ളതാണ് വിഷയം വീണ്ടും ചർച്ചയാകാൻ കാരണം. മദ്യ വില ഉയരുമ്പോൾ താങ്ങാവുന്ന വിലയിൽ മറ്റേത് ലഹരി ലഭിക്കുമെന്ന് സമൂഹം ചിന്തിക്കാനുള്ള സാധ്യത തള്ളിക്കളയാനാവില്ല. കഞ്ചാവുൾപ്പെടെയുള്ള മയക്കുമരുന്നുകളെ ജനങ്ങൾ കൂടുതലായി ആശ്രയിച്ച് തുടങ്ങുമ്പോൾ സമൂഹം ചുവടുവയ്‌ക്കുന്നത് വലിയ ആപത്തിലേക്കാണെന്നും മുരളി ഗോപിയുടെ വാക്കുകൾ വ്യക്തമാക്കുന്നു.
















Comments