എക്കാലത്തെയും വിവാദ നേതാവായിരുന്നു പാകിസ്താൻ മുൻ പ്രസിഡന്റും പട്ടാള മേധാവിയുമായിരുന്നു പർവേസ് മുഷറഫ്. ഏറെ നാളായി ദുബായിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്ന മുഷറഫ്, അവസാനം മരണത്തിന് കീഴടങ്ങിയിരിക്കുകയാണ്. പാകിസ്താന്റെ പത്താമത്തെ പ്രസിഡന്റ് ആയിരുന്ന മുഷറഫ് എന്തുകൊണ്ടാണ് വിവാദങ്ങളുടെ തോഴനാകുന്നത്? എങ്ങനെയായിരുന്നു മുഷറഫ് ഭരണത്തിലെത്തുന്നത്? എന്തായിരുന്നു കാർഗിൽ യുദ്ധത്തിൽ അദ്ദേഹത്തിനുള്ള പങ്ക്? ഇന്ത്യയോടുള്ള മുഷറഫിന്റെ സമീപനം എന്തായിരുന്നു? എന്നിങ്ങനെയുള്ള ചോദ്യങ്ങൾക്ക് ഉത്തരം തേടി വേണം പർവേസ് മുഷറഫിന്റെ ചരിത്രം പരിശോധിക്കാൻ.
1943 ഓഗസ്റ്റ് 11-ന് ഡൽഹിയിലാണ് പർവേസ് മുഷറഫ് ജനിച്ചത്. ബ്രിട്ടീഷ് ഭരണത്തിൽ നിന്ന് സ്വാതന്ത്ര്യം നേടിയ ശേഷം ഇന്ത്യ-പാകിസ്താൻ വിഭജനം സംഭവിക്കുകയും, തുടർന്ന് മുഷറഫും കുടുംബവും കറാച്ചിയിലേക്ക് താമസം മാറുകയും ചെയ്തു. കറാച്ചിയിലെ സെന്റ് പാട്രിക്സ് ഹൈസ്കൂളിൽ പ്രാഥമിക വിദ്യാഭ്യാസം അദ്ദേഹം പൂർത്തിയാക്കി. ലാഹോറിലെ ഫോർമാൻ ക്രിസ്ത്യൻ കോളേജിൽ നിന്നാണ് ഉന്നത വിദ്യാഭ്യാസം കരസ്ഥമാക്കിയത്. 1961-ൽ തന്റെ 18-ആം വയസ്സിൽ മുഷറഫ് കാകുലിലെ പാകിസ്താൻ മിലിട്ടറി അക്കാദമിയിൽ ചേർന്നു.
1964 -ൽ പാകിസ്താൻ ആർമിയുടെ പീരങ്കി റെജിമെന്റിലേക്ക് പർവേസ് മുഷറഫ് കമ്മീഷൻ ചെയ്യപ്പെട്ടു. 1965-ലെ ഇന്ത്യ-പാകിസ്താൻ യുദ്ധത്തിൽ മുഷറഫ് ഒരു രണ്ടാം ലെഫ്റ്റനന്റായി പ്രവർത്തിച്ചു. 1980-കളോടെ, പീരങ്കിപ്പടയുടെ കമാന്ററായി മാറി അദ്ദേഹം.1990 കളിൽ മേജർ ജനറലായി സ്ഥാനക്കയറ്റം ലഭിക്കുകയും പിന്നീട് സ്പെഷ്യൽ സർവീസസ് ഗ്രൂപ്പിന്റെ കമാൻഡറായി മാറുകയും ചെയ്തു മുഷറഫ്. ഡെപ്യൂട്ടി സൈനിക സെക്രട്ടറിയായും സൈനിക ഓപ്പറേഷൻസ് ഡയറക്ടർ ജനറലായും സേവനമനുഷ്ഠിച്ചു. ഇതിനിടയിൽ അഫ്ഗാൻ ആഭ്യന്തര യുദ്ധത്തിലും സജീവമായി പങ്കുചേർന്നു. താലിബാനുള്ള പാകിസ്താൻ പിന്തുണ പ്രോത്സാഹിപ്പിക്കുന്നതിൽ മുന്നിലായിരുന്നു ഇദ്ദേഹം. 1998-ൽ അന്നത്തെ പാകിസ്താൻ പ്രധാനമന്ത്രി നവാസ് ഷെരീഫാണ് ഫോർ സ്റ്റാർ ജനറലായി മുഷറഫിന് സ്ഥാനകയറ്റം നൽകിയത്. ഇതോടെ മുഷറഫ് ദേശീയ തലത്തിലേക്ക് ഉയർന്നു.
1999-ലെ കാർഗിൽ യുദ്ധത്തിന്റെ സൂത്രധാരനായിരുന്നു പർവേസ് മുഷറഫ്. കശ്മീരിലെ കാർഗിൽ പ്രദേശത്ത് 1999 മെയ് മുതൽ ജൂലൈ വരെ ഇന്ത്യയും പാകിസ്താനും തമ്മിൽ നടന്ന സായുധ പോരാട്ടമാണ് കാർഗിൽ യുദ്ധം. കശ്മീർ പിടിച്ചെടുക്കുക എന്ന ലക്ഷ്യവുമായി നിയന്ത്രണ രേഖ ലംഘിച്ച് ഇന്ത്യയുടെ മണ്ണിലേയ്‌ക്ക് പാകിസ്താനി പട്ടാളവും തീവ്രവാദികളും തുഴഞ്ഞു കയറി. തീവ്രവാദികൾക്കൊപ്പം ചേർന്ന് ഇന്ത്യൻ മണ്ണിൽ നിറയൊഴിക്കാൻ സൈനികർക്ക് മുഷറഫ് ഉത്തരവ് നൽകി. എന്നാൽ, വാജ്പയ് ഭരണത്തിലായിരുന്ന ഇന്ത്യ ശക്തമായി തിരിച്ചടിച്ചു. നുഴഞ്ഞു കയറിയ തീവ്രവാദികൾക്കെതിരെയും പാകിസ്താൻ സൈന്യത്തിനെതിരെയും പൊരുതി നിന്ന് ഇന്ത്യൻ സൈന്യം കാർഗിൽ യുദ്ധത്തിൽ വിജയം കൈവരിച്ചു. ഇന്ത്യയുടെ ശക്തമായ പോരാട്ടത്തിന് മുന്നിലും അന്താരാഷ്‌ട്ര സമ്മർദ്ദത്തെയും തുടർന്ന് ‘കാർഗിൽ പ്രദേശത്ത് നിന്നും പാകിസ്താൻ സൈന്യത്തെ പിൻവലിക്കുന്നു’ എന്ന ഉത്തരവിടാൻ നവാസ് ഷെരീഫ് നിർബന്ധിതനായി. ഇത് പാക് സൈന്യത്തെ ചൊടിപ്പിച്ചിരുന്നു.
കാർഗിൽ യുദ്ധം കശ്മീർ കലാപകാരികളുടെ സൃഷ്ടിയാണെന്ന് ആദ്യം പറഞ്ഞിരുന്നെങ്കിലും പിന്നീട് കൊല്ലപ്പെട്ടവരുടെ പട്ടിക പരിശോധിച്ചപ്പോൾ പാകിസ്താൻ പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെയും പട്ടാള മേധാവിയായ പർവേസ് മുഷറഫിന്റെയും പങ്ക് വെളിപ്പെടുകയായിരുന്നു. കാർഗിൽ യുദ്ധത്തിന് പിന്നാലെ, 1999 ഒക്‌ടോബർ 12-ന് മുഷറഫിനെ സൈനിക മേധാവി സ്ഥാനത്ത് നിന്ന് ഷെരീഫ് പിരിച്ചുവിട്ടു. എന്നാൽ, മുഷറഫിന്റെ നേതൃത്വത്തിൽ പാകിസ്താൻ സൈന്യം അട്ടിമറി നടത്തി വിമാനത്താവളത്തിന്റെയും റേഡിയോ സ്റ്റേഷന്റെയും നിയന്ത്രണം ഏറ്റെടുത്തു.
കരസേനാ മേധാവി പാകിസ്താന്റെ ചീഫ് എക്സിക്യൂട്ടീവായി ചുമതലയേറ്റു. പ്രധാനമന്ത്രി സ്ഥാനത്തു നിന്നും ഷെരീഫിനെ പുറത്താക്കി. അട്ടിമറിയുടെ പശ്ചാത്തലത്തിൽ മുഹമ്മദ് റഫീഖ് തരാർ 2001-ൽ പാകിസ്താൻ പ്രസിഡന്റ് സ്ഥാനം രാജിവച്ചു. സൈനിക അട്ടിമറിയെ എതിർത്ത തരാറിന് പർവേസ് മുഷറഫിന്റെ സമ്മർദ്ദത്തിന് മുന്നിൽ അധികനാൾ പിടിച്ചു നിൽക്കാൻ സാധിക്കാതെയാണ് രാജി വെച്ചത്. തരാറിന്റെ രാജിയെത്തുടർന്ന് 2001-ൽ മുഷറഫ് പാകിസ്താൻ പ്രസിഡന്റായി സ്വയം നിയമിക്കുകയും 2008 വരെ ആ സ്ഥാനത്ത് തുടരുകയും ചെയ്തു.
2007-ൽ വിരമിക്കുന്നതുവരെ പർവേസ് മുഷറഫ് കരസേനാ മേധാവിയായി തുടർന്നിരുന്നു. 2002-ൽ മുഷറഫ് ഭരണഘടന പുനഃസ്ഥാപിച്ചു. എന്നാൽ, നിയമ ചട്ടക്കൂടിനുള്ളിൽ വലിയ ഭേദഗതി വരുത്തി. മുഷറഫിന്റെ കീഴിൽ പാകിസ്താനിൽ മൂന്ന് പ്രധാനമന്ത്രിമാരുണ്ടായിരുന്നു. മിർ സഫറുള്ള ഖാൻ ജമാലി, ചൗധരി ഷുജാത് ഹുസൈൻ, ഷൗക്കത്ത് അസീസ് എന്നിവർ. ചൗധരി ഷുജാതാണ് ഇതിൽ ഏറ്റു കുറഞ്ഞ കാലയളവിൽ പ്രധാനമന്ത്രിയായി ഇരുന്നത്. പിന്നീട് 2004-ൽ അസീസ് പ്രധാനമന്ത്രിയായി. 2007 നവംബറിൽ പാർലമെന്ററി കാലാവധി അവസാനിച്ചപ്പോൾ അദ്ദേഹം അധികാരം വിട്ടു.
മുഷറഫിന്റെ പ്രസിഡന്റായിരിക്കെ വലിയ മനുഷ്യാവകാശ ലംഘനങ്ങൾ നടന്നിരുന്നു. അസീസ് പ്രധാനമന്ത്രി സ്ഥാനം ഒഴിഞ്ഞതോടെ മുഷറഫിന്റെ സ്ഥാനം ദുർബലമായി. അവസാനം, ഇംപീച്ച്‌മെന്റ്(ഒരു നിയമനിർമ്മാണ സമിതിയോ നിയമപരമായി രൂപീകരിച്ച മറ്റ് ട്രൈബ്യൂണലോ ഒരു പൊതു ഉദ്യോഗസ്ഥനെതിരെ തെറ്റായ പെരുമാറ്റത്തിന് കുറ്റം ചുമത്തുന്ന പ്രക്രിയ) ഒഴിവാക്കാൻ രാജി സമർപ്പിച്ചു കൊണ്ട്, മുഷറഫ് സ്വയം പ്രവാസത്തിൽ ലണ്ടനിലേക്ക് കുടിയേറി.
പാകിസ്താനിലെ ജനാധിപത്യത്തെ വളരെയധികം ദുർബലപ്പെടുത്തി ഭരണമായിരുന്നു പർവേസ് മുഷറഫിന്റേത്. 2007-ന് ശേഷം ലണ്ടനിൽ താമസമാക്കിയ മുഷറഫ്, 2013-ലെ പൊതു തിരഞ്ഞെടുപ്പിൽ പങ്കെടുക്കാൻ പാകിസ്താനിലേയ്‌ക്ക് മടങ്ങിയെത്തി. എന്നാൽ, നവാബ് അക്ബർ ബുഗ്തിയുടെയും ബേനസീർ ഭൂട്ടോയുടെയും കൊലപാതകങ്ങളിൽ പങ്കുണ്ടെന്ന് ആരോപിച്ച് രാജ്യത്തെ ഹൈക്കോടതികൾ അദ്ദേഹത്തിനും അസീസിനും അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു. ഇതിനെ തുടർന്ന് തിരഞ്ഞെടുപ്പിൽ പങ്കെടുക്കുന്നതിൽ നിന്ന് പർവേസ് മുഷാറഫ് അയോഗ്യനാക്കപ്പെട്ടു.
2013-ൽ നവാസ് ഷെരീഫ് വീണ്ടും പാകിസ്താൻ പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടതോടെ അടിയന്തരാവസ്ഥ നടപ്പാക്കിയതിനും 2007-ൽ ഭരണഘടനയെ സസ്പെൻഡ് ചെയ്തതിനും മുഷറഫിനെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി. 2016 മാർച്ചിൽ ദുബായിലേക്ക് പോയ പർവേസ് മുഷറഫ് പിന്നീട് പാകിസ്താനിലേയ്‌ക്ക് തിരിച്ചെത്തിയിട്ടില്ല. 2017-ൽ ഷെരീഫിന് പ്രധാനമന്ത്രി സ്ഥാനം നഷ്ടമായെങ്കിലും മുഷറഫിനെതിരായ കേസ് തുടർന്നു.
ദുബായിലേക്ക് മാറിയതിന്റെ പേരിൽ ഭൂട്ടോ വധക്കേസിൽ മുഷറഫ് ഒളിച്ചോടിയതായി പ്രഖ്യാപിക്കപ്പെട്ടു . 2019- ൽ, രാജ്യദ്രോഹക്കുറ്റം ചുമത്തി മുഷറഫിനെ അസാന്നിധ്യത്തിൽ വധശിക്ഷയ്‌ക്ക് വിധിച്ചു. എന്നാൽ പിന്നീട് ലാഹോർ ഹൈക്കോടതി വധശിക്ഷ റദ്ദാക്കുകയായിരുന്നു. വിവാദങ്ങൾക്കൊടുവിൽ 2023 ഫെബ്രുവരി 5-ന് ദുബായിൽ വച്ച് അമിലോയിഡോസിസ് ബാധിച്ച് മുഷറഫ് മരണത്തിന് കീഴടങ്ങിയിരിക്കുകയാണ്.
Comments