തിരുവനന്തപുരം: ജനദ്രോഹ ബജറ്റിനെതിരെ യുവമോർച്ച നടത്തിയ നിയമസഭാ മാർച്ചിൽ സംഘർഷം. പ്രതിഷേധക്കാർക്കെതിരെ പോലീസ് ജലപീരങ്കിയും കണ്ണീർ വാതകവും പ്രയോഗിച്ചു. പെട്രോളിനും ഡീസലിനും ഉൾപ്പെടെ അധിക നികുതി ചുമത്തുകയും നിർലജ്ജം നികുതി വർദ്ധനവിനെ ന്യായീകരിക്കുകയും ചെയ്യുന്ന സംസ്ഥാന മന്ത്രിമാർ കേരളത്തിന് അപമാനമാണെന്ന് പ്രതിഷേധം ഉദ്ഘാടനം ചെയ്തുകൊണ്ട് യുവമോർച്ച സംസ്ഥാന അദ്ധ്യക്ഷൻ പ്രഫുൽ കൃഷ്ണൻ പറഞ്ഞു. ജനങ്ങളുടെ നടുവൊടിക്കുന്ന സംസ്ഥാന സർക്കാറിന്റെ ദുർനയങ്ങൾക്കെതിരെ യുവമോർച്ച സമരം ശക്തമാക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.
കൊല്ലം കളക്ടറേറ്റിലേക്ക് നടത്തിയ മാർച്ചിലും സംഘർഷമുണ്ടായി. റോഡിന് കുറുകെ പോലീസ് സ്ഥാപിച്ച ബാരിക്കേഡുകൾ പ്രവർത്തകർ എടുത്തുമാറ്റി. തുടർന്നാണ് സംഘർഷം പൊട്ടിപ്പുറപ്പെട്ടത്. ബാരിക്കേഡുകൾക്ക് മുകളിൽ കയറിയ പ്രവർത്തകർ പോലീസിനെതിരെ തിരിയുകയായിരുന്നു. കൊച്ചിയിലും പോലീസിന് നേരെ കല്ലേറുണ്ടായി. പോലീസ് സംഘം പ്രതിഷേധക്കാർക്കെതിരെ ജലപീരങ്കിയും കണ്ണീർ വാതകവും പ്രയോഗിച്ചതിന് പിന്നാലെയാണ് സംഘർഷം ഉണ്ടായത്.
നിരവധി പ്രവർത്തകർക്കാണ് പരിക്കേറ്റത്. സംസ്ഥാനമൊട്ടാകെ പ്രതിഷേധം കനക്കുകയാണ്. തൃശ്ശൂർ കലക്ടറേറ്റിലേക്ക് നടത്തിയ കോൺഗ്രസ് മാർച്ചിന് നേരെയും പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. ബാരിക്കേഡ് മറിച്ചിടാൻ ശ്രമിച്ചപ്പോഴാണ് ജലപീരങ്കി പ്രയോഗിച്ചത്.
Comments