തിരുവനന്തപുരം: കേരളത്തിന് പുറത്ത് നിന്നുള്ള വിദ്യാർത്ഥികളെ സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്ക് എത്തിക്കാൻ സർക്കാർ പദ്ധതി തയ്യാറാക്കിയതായി ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആർ. ബിന്ദു. ഉന്നത വിദ്യാഭ്യാസത്തിനായി കേരളംവിട്ട് വിദ്യാർത്ഥികൾ പുറത്തേക്ക് പോകുന്നതിനെ കുറിച്ച് സർക്കാർ പഠിക്കുമെന്നും ഇതിനായി ഉന്നത വിദ്യാഭ്യാസ കൗൺസിലിനെ ചുമതലപ്പെടുത്തിയതായും മന്ത്രി സഭയിൽ പറഞ്ഞു. വിദ്യാർത്ഥികൾ പുറത്തേക്ക് പോകുന്നത് ചൂണ്ടിക്കാട്ടി നിരവധി വിമർശനങ്ങൾ ഉയർന്ന സാഹചര്യത്തിലാണ് സർക്കാരിന്റെ നടപടി.
യുവാക്കളുടെ വിദേശപഠനവും തുടർന്ന് അവിടുത്തെ സ്ഥിരതാമസവും കേരളത്തിന്റെ സാമ്പത്തിക മേഖലയ്‌ക്കുണ്ടാക്കുന്ന പ്രഹരം വലുതാണെന്ന് ബജറ്റ് പ്രസംഗത്തിൽ ധനമന്ത്രി കെ.എൻ ബാലഗോപാൽ വ്യക്തമാക്കിയിരുന്നു. പ്ലസ്ടു കഴിയുമ്പോഴേ യുവതലമുറ നാടുവിടുന്നു. പോകുന്നവർ സ്ഥിരതാമസമാക്കുന്നതിനാൽ തൊഴിലെടുക്കാൻ പ്രാപ്തരായ യുവജനങ്ങൾ കേരളത്തിൽ കുറയുന്നതായും ബ്ജറ്റിൽ പറഞ്ഞു. യുവാക്കളെ നാട്ടിൽ തന്നെ നിലനിർത്തി തൊഴിലെടുക്കാവുന്ന അന്തരീക്ഷം സൃഷ്ടിക്കുമെന്നും ആധുനിക തൊഴിലുകളിലേർപ്പെടുന്നവരെ സംസ്ഥാനത്തേക്ക് ആകർഷിക്കുമെന്നും പ്രസംഗത്തിൽ മന്ത്രി പറഞ്ഞു.
ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ അടക്കം കേരളത്തിലെ ഉന്നത വിദ്യാഭ്യാസ രംഗത്തിന്റെ തകർച്ച ചൂണ്ടിക്കാട്ടി വിമർശനം ഉന്നയിച്ചിരുന്നു.
Comments