ന്യൂഡൽഹി: 2023 ഫെബ്രുവരി അവസാനത്തോടെ 238 ഇന്ത്യൻ നഗരങ്ങളിൽ 5ജി സേവനങ്ങൾ ലഭ്യമാകുമെന്ന് കേന്ദ്ര വാർത്താവിനിമയ സഹമന്ത്രി ദേവുസിൻ ചൗഹാൻ പാർലമെന്റിൽ പറഞ്ഞു. കഴിഞ്ഞ ഒക്ടോബർ മുതൽ ടെലികോം സേവന ദാതാക്കൾ രാജ്യത്ത് അതിവേഗ 5ജി സേവനങ്ങൾ നൽകാൻ തുടങ്ങിയിരുന്നെന്നും അദ്ദേഹം അറിയിച്ചു.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ 5ജി സേവനങ്ങൾ ലഭ്യമാക്കുന്നതിനായി സർക്കാർ ഒരു റോഡ് മാപ്പ് സ്ഥാപിച്ചിട്ടുണ്ട്. സ്‌പെക്ട്രം ലേലത്തിനും ലൈസൻസ് വ്യവസ്ഥകൾക്കും വേണ്ടിയുള്ള 2022-ലെ അപേക്ഷ ക്ഷണിക്കുന്ന അറിയിപ്പ് പ്രകാരം സ്‌പെക്ട്രം അനുവദിച്ച തീയതി മുതൽ ഘട്ടം ഘട്ടമായി അഞ്ച് വർഷത്തിനുള്ളിൽ റോൾഔട്ട് ബാധ്യതകൾ നിറവേറ്റേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു.
2022 ഓഗസ്റ്റിൽ ടെലികോം സേവനദാതാക്കൾക്ക് സ്‌പെക്ട്രം അലോക്കേഷൻ കത്തുകൾ സർക്കാർ നൽകി. 5ജി സ്പെക്ട്രം ലേലത്തിൽ നിന്ന് 1.50 ലക്ഷം കോടി രൂപയുടെ ബിഡുകളാണ് ടെലികോം വകുപ്പിന് ലഭിച്ചത്.
Comments