ന്യൂഡൽഹി: രാജ്യത്ത് 12,200- കിലോമീറ്റർ ദൂരത്തിൽ ദേശീയപാത നിർമ്മാണം ദ്രുതഗതിയിൽ പുരോഗമിക്കുകയാണെന്ന് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിൻ ഗഡ്കരി. 5,774- കിലോമീറ്റർപാത ഇതിനോടകം തന്നെ പൂർത്തികരിച്ചതായും അദ്ദേഹം രാജ്യസഭയെ അറിയിച്ചു. ദേശീയപാതയുമായി ബന്ധപ്പെട്ട സ്ഥലമേറ്റെടുപ്പ് നടപടികൾ ലഘൂകരിക്കാനാണ് ഭൂമി രാശി പോർട്ടൽ പുറത്തിറക്കിയതെന്നും മന്ത്രി പറഞ്ഞു.
കഴിഞ്ഞ ആറ് വർഷത്തിനുള്ളിൽ ദേശീയ പാതകളുടെ നിർമ്മാണത്തിലും വികസനത്തിലും വൻ മാറ്റങ്ങളാണ് ഉണ്ടായത്. ഈ കാലയളവിൽ 60,479 -കിലോമീറ്റർ ദേശീയ പാത പൂർത്തിയാക്കി. കൂടാതെ 31,189- കിലോമീറ്റർ അനുബന്ധ പാതകൾ നിർമ്മിക്കാനും സാധിച്ചു. 12,532- കിലോമീറ്റർ സംസ്ഥാന പാതകൾ ദേശീയ പാതകളായി ഉയർത്തിയിട്ടുണ്ട്. 2023-24 സാമ്പത്തിക വർഷം 13,000 -കിലോമീറ്റർ ദൂരത്തിലുള്ള ദേശീയ പാതകൾ പൂർത്തിയാക്കാനാണ് കേന്ദ്രസർക്കാർ ലക്ഷ്യമിടുന്നതെന്നും മന്ത്രി സൂചിപ്പിച്ചു.
ദേശീയ പാതകളുടെ സ്ഥലം ഏറ്റെടുപ്പുമായി ബന്ധപ്പെട്ട തർക്കങ്ങൾ സമയബന്ധിതമായി പൂർത്തീകരിക്കാൻ നാഷണൽ ഹൈവേ അതോറിറ്റിക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. സ്ഥലമേറ്റെടുപ്പിലെ നഷ്ടപരിഹാരത്തിന്റെ കാര്യത്തിൽ കേന്ദ്രസർക്കാറിന് ഉദാര സമീപനമാണ് ഉളളത്. സ്ഥലം ഏറ്റെടുപ്പുമായി ബന്ധപ്പെട്ട വിജ്ഞാപനങ്ങളിലെ സമയ നഷ്ടം കുറക്കാനും നഷ്ടപരിഹാരം വേഗത്തിലാക്കാനും ഭൂമി രാശി പോർട്ടലിലൂടെ സാധിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
















Comments