ന്യൂഡൽഹി: ഡിജിറ്റൽ പേയ്മെന്റ് ഉത്സവ് കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് ഉദ്ഘാടനം ചെയ്യും. ജി-20 ഡിജിറ്റൽ സമ്പദ്വ്യവസ്ഥ വർക്കിംഗ് ഗ്രൂപ്പിന്റെ നേതൃത്വത്തിലാണ് ഡിജിറ്റൽ പേയ്മെന്റ് ഉത്സവ്’ രാജ്യത്ത് സംഘടിപ്പിക്കുന്നത്. ഫെബ്രുവരി ഒമ്പത് മുതൽ ഒക്ടോബർ ഒമ്പത് വരെയാണ് ‘ഡിജിറ്റൽ പേയ്മെന്റ് ഉത്സവ്’ ക്യാമ്പയിൻ നടക്കുക.
ഇന്ത്യയിൽ എല്ലായിടത്തും എല്ലാവരിലേക്കും ഡിജിറ്റൽ പേയ്മെന്റ് സംവിധാന സൗകര്യങ്ങൾ എത്തിക്കാനും ഡിജിറ്റൽ പേയ്മെന്റ് സാക്ഷരത ഉറപ്പുവരുത്താനും ലക്ഷ്യമിട്ടുള്ളതാണ് കേന്ദ്ര സർക്കാരിന്റെ ഡിജിറ്റൽ പേയ്മെന്റ് ഉത്സവ് ക്യാമ്പൈൻ. പ്രാരംഭ ഘട്ടത്തിൽ ലക്നൗ, ഹൈദരാബാദ്, പൂനെ, ബെംഗളൂരു എന്നീ നഗരങ്ങളിലാകും പദ്ധതി നടപ്പിലാക്കുകയെന്ന് ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയം അറിയിച്ചു.
ജി-20 കോ-ബ്രാൻഡഡ് ക്യുആർ കോഡിന്റെ പ്രകാശനവും ഡിജിറ്റൽ പേയ്മെന്റുകളിൽ ആഗോള തലത്തിൽ ഇന്ത്യ കൈവരിച്ച നേട്ടങ്ങൾ വിവരിക്കുന്ന കോഫി ടേബിൾ ബുക്കിന്റെ പ്രകാശനവും ചടങ്ങിൽ നടക്കും. ഡിജിറ്റൽ പണമിടപാടുകൾ ലഘൂകരിക്കാനായി ബാങ്കുകൾ തയ്യാറാക്കിയിരിക്കുന്ന വിവിധ ഉത്പന്നങ്ങളും പരിപാടിയിൽ പുറത്തിറക്കും.
പൗരന്മാരിൽ ഡിജിറ്റൽ പണമിടപാടുകളെ കുറിച്ചും അതിലെ സുരക്ഷയെ കുറിച്ചും അവബോധം സൃഷ്ടിക്കാൻ ലക്ഷ്യമിട്ടുകൊണ്ടുള്ള ഡിജിറ്റൽ പേയ്മെന്റ് സന്ദേശ യാത്രയുടെ ഫ്ളാഗോഫും കർമ്മവും ഇതിനൊപ്പം നടക്കുമെന്നും ഐടി മന്ത്രാലയം അറിയിച്ചു. ഡിജിറ്റൽ പേയ്‌മെന്റ് രംഗത്ത് മികച്ച പ്രകടനം കാഴ്ചവയ്‌ക്കുന്ന ബാങ്കുകൾക്കുള്ള ഡിജിധാൻ അവാർഡുകൾ നൽകുമെന്ന് മന്ത്രാലയം അറിയിച്ചു
















Comments