ന്യൂഡൽഹി : 2023-2024 അദ്ധ്യായന വർഷത്തിൽ 1000-ത്തിലധികം പെൺകുട്ടികൾ സൈനിക് സ്‌കൂളുകളിൽ ചേരുമെന്ന് വ്യക്തമാക്കി കേന്ദ്ര പ്രതിരോധ സഹമന്ത്രി അജയ് ഭട്ട്. നാഷണൽ ഡിഫൻസ് അക്കാദിമിയിലും ഇന്ത്യൻ നേവൽ അക്കാദമിയിലും സൈനിക് സ്‌കൂൾ നൽകിയ സംഭാവനകളെ കേന്ദ്ര പ്രതിരോധ സഹമന്ത്രി അഭിനന്ദിച്ചു. ഫെബ്രുവരി 8,9 തീയതികളിൽ ന്യൂഡൽഹിയിൽ വച്ച് നടന്ന 50-ാമത് ഓൾ ഇന്ത്യ സൈനിക് സ്‌കൂൾ പ്രിൻസിപ്പൽമാരുടെ സമ്മേളനം അഭിസംബോധന ചെയ്തുകൊണ്ടായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.
സൈനിക് സ്‌കൂളിലെ വിദ്യാർത്ഥിനികൾ മികച്ച പ്രകടനമാണ് കാഴ്ചവെയ്‌ക്കുന്നത്. പ്രവേശന പരീക്ഷകളിൽ ഉൾപ്പെടെ മികച്ച സ്‌കോർ നേടിയാണ് പെൺകുട്ടികൾ പ്രവേശനം കരസ്ഥമാക്കുന്നത്. സ്ത്രീ ശാക്തീകരണത്തിലും തുല്യ അവസരങ്ങൾ നൽകുന്നതിലുമാണ് കേന്ദ്രസർക്കാർ ശ്രദ്ധ ചെലുത്തുന്നത്. വിദ്യാർത്ഥികളിൽ ധാർമ്മിക ബോധം സൃഷ്ടിക്കുന്നതിലും പഠനത്തിൽ കാര്യക്ഷമരാക്കി രാജ്യത്തിന് ഉതകുന്ന തരത്തിൽ അവരെ പ്രാപ്തരാക്കണമെന്നും അജയ് ഭട്ട് പറഞ്ഞു.
സൈനിക് സ്‌കൂളുകളുടെ പ്രകടനം വിലയിരുത്തുന്നതിനും കൂടുതൽ കാര്യക്ഷമമാക്കി പരിശീലനം വർദ്ധിപ്പിക്കുന്നതിനും സ്‌കൂളുകളുടെ ഭരണപരമായ നിലവാരം മെച്ചപ്പെടുത്തുന്നതിനുമാണ് സമ്മേളനം സംഘടിപ്പിച്ചത്. സമ്മേളനത്തിൽ നിലവിലുള്ള 33 സൈനിക് സ്‌കൂളിലെ പ്രിൻസിപ്പൽമാരും 18 പുതിയ സൈനിക് സ്‌കൂളിലെ പ്രിൻസിപ്പൽമാരും പങ്കെടുത്തു.
















Comments