ഭുവനേശ്വർ : സ്ത്രീ ശാക്തീകരണം ഒരു മുദ്രാവാക്യമല്ല യാഥാർത്ഥ്യമാണെന്ന് രാഷ്‌ട്രപതി ദ്രൗപദി മുർമു പറഞ്ഞു. പലമേഖലകളിലായി പ്രവർത്തിക്കുന്ന സ്ത്രീകളുടെ വ്യത്യസ്തമായ സ്വാധീനത്തെ കുറിച്ചും രാഷ്‌ട്രപതി സംസാരിച്ചു. രമാദേവി വനിതാ സർവകലാശാലയുടെ രണ്ടാമത് ബിരുദദാന ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു രാഷ്‌ട്രപതി. ഭുവനേശ്വറിലെ യൂണിറ്റ്-2 ഗേൾസ് സ്‌കൂളിൽ സ്‌കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയ ശേഷം രമാദേവി സർവകലാശാലയിലായിരുന്നു മുർമു പഠിച്ചിരുന്നത്. അന്നത്തെ അധ്യാപകരുടെ സ്‌നേഹവും വാത്സല്യവും അവിസ്മരണീയമായിരുന്നും രാഷ്‌ട്രപതി ഓർത്തെടുത്തു.
പെൺകുട്ടികൾ എന്ന നിലയിൽ അഭിമാനിക്കണമെന്ന് വിദ്യാർത്ഥികളെ അഭിസംബോധ ചെയ്ത് രാഷ്‌ട്രപതി പറഞ്ഞു. കുടുംബ ഭരണം മുതൽ രാജ്യ ഭരണത്തിൽ വരെ സ്ത്രീകളുടെ സംഭാവനകൾ വളരെ വലുതാണെന്നും രാഷ്‌ട്രപതി കൂട്ടിച്ചേർത്തു. കൂടാതെ സാഹിത്യം, സംഗീതം, നൃത്തം തുടങ്ങി എല്ലാ മേഖലകളിലും സ്ത്രീകൾ തങ്ങളുടെ കഴിവ് തെളിയിച്ചിട്ടുണ്ട്. സ്ത്രീ ശാക്തീകരണം ഇനി മുദ്രാവാക്യമല്ല, അത് ഒരു വലിയ പരിധി വരെ യാഥാർത്ഥ്യമായി കഴിഞ്ഞുവെന്നും രാഷ്‌ട്രപതി മുർമു പറഞ്ഞു. പെൺകുട്ടികൾ നമ്മുടെ ആൺകുട്ടികൾക്ക് തുല്യമല്ല, ചില മേഖലകളിൽ അവർ ആൺകുട്ടികളേക്കാൾ മുന്നിലാണ്. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണ് ഇന്ത്യയെന്നും രാഷ്‌ട്രപതി അഭിപ്രായപ്പെട്ടു.
അടുത്ത 25 വർഷത്തിനുള്ളിൽ വികസിത രാഷ്‌ട്രമായി ഇന്ത്യ മാറുമെന്നും രാഷ്‌ട്രപതി പറഞ്ഞു. 2047-ൽ ഇന്ത്യ സ്വാതന്ത്ര്യത്തിന്റെ ശതാബ്ദി ആഘോഷിക്കുമ്പോൾ, ലോകത്തിലെ ഏറ്റവും സമ്പന്നമായ രാഷ്‌ട്രങ്ങളിലൊന്നായിട്ടായിരിക്കുമെന്ന് ഉറപ്പാണ്ന്നും മുർമു പറഞ്ഞു. ഇന്ത്യയെ വികസനത്തിന്റെ നെറുകയിലേക്ക് കൊണ്ടുപോകേണ്ടത് യുവതലമുറയുടെ ഉത്തരവാദിത്തമാണെന്നും രാഷ്‌ട്രപതി ദ്രൗപദി മുർമു വിദ്യാർതഥികളോട് വ്യക്തമാക്കി.
















Comments