ബെംഗളൂരു: ഇന്ത്യയുടെ വ്യോമയാന പ്രദർശനത്തിന്റെ 14-ാമത് എഡിഷൻ ഫെബ്രുവരി 13, 17 തീയതികളിൽ ബെംഗളൂരുവിലെ യെലഹങ്കയിലെ എയർഫോഴ്സ് സ്റ്റേഷനിൽ നടക്കും. രണ്ട് വര്ഷത്തിലൊരിക്കൽ നടക്കുന്ന പരിപാടിയുടെ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്ര മോദി നിർവ്വഹിക്കും. പ്രദർശനത്തോടനുബന്ധിച്ച് ഇന്ന് വ്യോമാഭ്യാസ പ്രകടനങ്ങളുടെ പരിശീലനം നടക്കുകയാണ്.
ഇന്ത്യൻ വ്യോമസേനയുടെ ഫൈറ്റർ വിമാനങ്ങളുടെ പരിശീലന പ്രകടനങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകുകയാണ്. എയ്റോ ഷോയുടെ 14-ാം പതിപ്പ് ഏഷ്യയിലെ ഏറ്റവും വലിയ എയ്റോസ്പേസ് പ്രദർശനമാണ്. 1996 മുതൽ, ബംഗളൂരു എയ്റോസ്പേസ് വ്യോമയാനപ്രദർശനത്തിന്റെ 13 പതിപ്പുകൾ വിജയകരമായി നടത്തിയിരുന്നു.
ലോകനേതാക്കളും ലോകമെമ്പാടുമുള്ള പ്രമുഖ എയ്റോസ്പേസ് നിക്ഷേപകരും പരിപാടിയിൽ പങ്കെടുക്കും. അഞ്ച് ദിവസത്തെ പരിപാടിയിൽ പങ്കെടുക്കാൻ 737 കാഴ്‌ച്ചക്കാരാണ് എത്തുമെന്ന് പ്രതീക്ഷിക്കുന്നത്.മൊത്തം കാഴ്‌ച്ചക്കാരിൽ 643 പേർ ഇന്ത്യയിൽ നിന്നുള്ളവരും 94 പേർ മറ്റ് 30 രാജ്യങ്ങളിൽ നിന്നുള്ളവരുമാണ്.
ഈ പ്രദർശനത്തിൽ നിരവധി യുദ്ധവിമാനങ്ങളും ഹെലികോപ്റ്ററുകളും അഭ്യസപ്രകടനങ്ങൾ അവതരിപ്പിക്കുമെന്ന് വ്യോമസേനയിലെ ഉന്നതോദ്യഗസ്ഥർ പറഞ്ഞു. എയ്റോ ഇന്ത്യ ഷോയിൽ ഇന്ത്യ പവലിയൻ ഉണ്ടായിരിക്കും. ഈ മേഖലയിലെ ഇന്ത്യയുടെ വളർച്ച പ്രതിഫലിപ്പിക്കുന്ന രീതിയിലാണ് പവലിയൻ രൂപകൽപന ചെയ്തിരിക്കുന്നത്.
ഇന്ത്യയുടെ ഭാരംകുറഞ്ഞ ഒറ്റ എൻജിൻ സൂപ്പർസോണിക് യുദ്ധവിമാനമായ തേജസ് ഇന്ത്യൻ പവലിയന്റെ മുഖ്യാകർഷണമായിരിക്കും. വ്യോമാഭ്യസ പ്രകടനങ്ങൾക്ക് പുറമെ എയ്റോ ഷോ 2023-ൽ ചർച്ചകളും സെമിനാറുകളും ഉണ്ടാകും. ഫെബ്രുവരി 13-ന് എയ്റോസ്പേസ്, ഡിഫൻസ് ഇൻഡസ്ട്രീസിന്റെ ‘സിഇഒമാരുടെ സമ്മേളനത്തിൽ പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് അധ്യക്ഷത വഹിക്കും.
















Comments