ലക്‌നൗ: ഉത്തർപ്രദേശിലെ 75 ജില്ലകളിലും നിക്ഷേപം നടത്താൻ സംരംഭകരോട് ആവശ്യപ്പെട്ട് ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ. നിക്ഷേപങ്ങളിലൂടെ വികസന പാതയിലൂടെയുള്ള ഉത്തർപ്രദേശിന്റെ ജൈത്രയാത്രയിൽ ഭാഗമാകാനും ഉപമുഖ്യമന്ത്രി സംരംഭകരോട് ആഹ്വാനം ചെയ്തു. ലക്നൗവിൽ ചേർന്ന ആഗോള നിക്ഷേപക ഉച്ചകോടിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ഇന്ത്യയുടെ പുരോഗതിയ്‌ക്ക് ഉത്തർപ്രദേശിന്റെ സംഭാവന അനിവാര്യമാണ്. ഉത്തർപ്രദേശിൽ നിങ്ങളുടെ നിക്ഷേപം സുരക്ഷിതമായിരിക്കും. പ്രധാനമന്ത്രി നരേന്ദ്രമോദിയുടേയും മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെയും നേതൃത്വത്തിലുള്ള സർക്കാർ സംരംഭങ്ങൾക്ക് സുരക്ഷ ഉറപ്പുവരുത്തും. ഇന്ത്യൻ സമ്പദ് വ്യവസ്ഥയെ 5 ട്രില്ല്യൺ ഡോളറിൽ എത്തിക്കുക എന്നതാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ലക്ഷ്യം. അതിലെ ഒരു ട്രില്ല്യൺ സംഭാവന ചെയ്യാനാണ് ഉത്തർപ്രദേശ് ശ്രമിക്കുന്നത്’. കേശവ് പ്രസാദ് മൗര്യ പറഞ്ഞു.
സംസ്ഥാനത്ത് എല്ലായിടത്തും വൈദ്യുതി എത്തിക്കാൻ സർക്കാരിനായെന്നും കേശവ് പ്രസാദ് മൗര്യ പറഞ്ഞു. റെയിൽ, വ്യോമ, ജല, ഉപരിതല ഗാതാഗത സംവിധാനങ്ങൾ ബിജെപി സർക്കാരിന് കീഴിൽ പുരോഗതി കൈവരിച്ചുവെന്നും കാർഷിക മേഖലയിലും വിപ്ലകരമായ മാറ്റമാണ് ഉണ്ടായതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ആഗോള നിക്ഷേപക ഉച്ചകോടി കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്തിരുന്നു. ഫെബ്രുവരി 10മുതൽ 12 വരെയാണ് ഉച്ചകോടി. 75,000കോടിയുടെ നിക്ഷേപം ഉത്തർപ്രദേശിൽ നടത്തുമെന്ന് റിലയൻസ് മേധാവി മുകേഷ് അംബാനി കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു.
















Comments