കൊളംബോ: കടക്കെണിയിൽ നിന്ന് രക്ഷിക്കാൻ ഇന്ത്യ നൽകുന്ന പിന്തുണയ്‌ക്ക് നന്ദി അറിയിച്ച് ശ്രീലങ്കൻ പ്രസിഡന്റ് റെനിൽ വിക്രംസിംഗ. ജാഫ്‌ന സാംസ്‌കാരിക കേന്ദ്രത്തിന്റെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കവേയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ശ്രീലങ്കയുടെ വികസനത്തിന് ഇന്ത്യ നൽകുന്ന സംഭാവനകളെ എടുത്ത് പറഞ്ഞായിരുന്നു അദ്ദേഹത്തിന്റെ പരാമർശം. വടക്കൻ പ്രവിശ്യയിലെ ട്രിങ്കോമാലി തുറമുഖത്തിന്റെ വികസനം സംബന്ധിച്ച ഇന്ത്യയുമായി ചർച്ചകൾ നടക്കുകയാണെന്ന പ്രസിഡന്റ് പറഞ്ഞു.
ഇന്ത്യയും ശ്രീലങ്കയും തമ്മിൽ നിലനിൽക്കുന്ന സംസ്‌കാരിക ഐക്യത്തിന്റെ പ്രതീകമാണ് ജാഫ്‌ന സാംസ്‌കാരിക കേന്ദ്രം. ഇന്ത്യൻ ജനതയ്‌ക്ക് ശ്രീലങ്കയോടുള്ള ഐക്യദാർഢ്യത്തിന്റെ പ്രതീകമായാണ് കേന്ദ്രത്തെ കാണുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പൂർണ്ണമായും ഇന്ത്യൻ സഹായത്തോടെയാണ് ജാഫ്‌ന സാംസ്‌കാരിക കേന്ദ്രം നിർമ്മിച്ചത്. 2015- ൽ പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് സംസ്‌കാരിക കേന്ദ്രത്തിന് തറക്കല്ലിട്ടത്. 2022-ൽ വിദേശകാര്യമന്ത്രി എസ് ജയശങ്കർ ഓൺലൈനായി ഉദ്ഘാടനം ചെയ്തിരുന്ന കേന്ദ്രം കഴിഞ്ഞ ദിവസമാണ് പൊതുജനങ്ങൾക്കായി തുറന്ന് കൊടുത്ത്. അയൽക്കാരുടെ ക്ഷേമത്തിനാണ് ഇന്ത്യ എന്നും പ്രാധാന്യം നൽകുന്നതെന്ന്
വിദേശകാര്യമന്ത്രി എസ്. ജയശങ്കർ ഉദ്ഘാടന വേളയിൽ വ്യക്തമാക്കിയിരുന്നു.
സാമ്പത്തിക പ്രതിസന്ധിലായ ശ്രീലങ്കയ്‌ക്ക് അഞ്ച് ബില്യൺ യുഎസ് ഡോളറിന്റെ സാമ്പത്തിക സഹായമാണ് ഇന്ത്യ നൽകുന്നത്.
ഉയർന്ന പണപെരുപ്പവും അവശ്യസാധനങ്ങളുടെ ദൗർലഭ്യവും ജനജീവിതം ദുസ്സഹമാക്കുന്ന സാഹചര്യമാണ് ശ്രീലങ്കയിലുണ്ടായിരുന്നത്. എന്നാൽ ഇന്ധനം, ഭക്ഷ്യവസ്തുക്കൾ, മരുന്നുകൾ തുടങ്ങി എല്ലാ അവശ്യ വസ്തുക്കളും എത്തിച്ചു നൽകിയാണ് ഇന്ത്യ ശ്രീലങ്കയെ സഹായിച്ചത്.- ഇന്ധനം, ഭക്ഷ്യവസ്തുക്കൾ, മരുന്നുകൾ തുടങ്ങി എല്ലാ അവശ്യവസ്തുക്കളും ഇന്ത്യ എത്തിച്ച് നൽകിയിരുന്നു.
















Comments