കൊൽക്കത്ത: ഭീകരത (Terror), മാഫിയ (Mafia), അഴിമതി (Corruption) എന്നതാണ് തൃണമൂൽ കോൺഗ്രസിന്റെ (TMC) പൂർണരൂപമെന്ന് ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെ.പി നദ്ദ. പശ്ചിമ ബംഗാളിൽ പ്രധാനമന്ത്രി ആവാസ് യോജന പദ്ധതി (PMAY) നടപ്പിലാക്കുന്നതിൽ ഗുരുതരമായ ക്രമക്കേടാണ് തൃണമൂൽ സർക്കാർ വരുത്തിയതെന്നും നദ്ദ ആരോപിച്ചു. തൃണമൂലിന്റെ ഭരണത്തിന് കീഴിൽ സംസ്ഥാനം സ്തംഭിച്ചുപോയി. മുഖ്യമന്ത്രി മമതാ ബാനർജിയുടെ ജംഗിൾ രാജ് ഭരണം ബിജെപി സർക്കാർ അവസാനിപ്പിക്കുമെന്നും നദ്ദ പ്രതികരിച്ചു.
സംസ്ഥാനത്ത് നടപ്പിലാക്കിയ പ്രധാനമന്ത്രി ആവാസ് യോജന പദ്ധതി ഓഡിറ്റ് ചെയ്തപ്പോൾ അതിഗുരുതരമായ ക്രമക്കേടുകളാണ് കണ്ടെത്തിയത്. പദ്ധതിയുടെ കീഴിൽ വീടുകൾ നൽകിയത് 3-4 നിലകളുള്ള വീടുകൾ നേരത്തെ സ്വന്തമായുള്ളവർക്കാണ്. ഇതാണ് പശ്ചിമ ബംഗാളിലെ നിലവിലെ അവസ്ഥയെന്നും നദ്ദ കൂട്ടിച്ചേർത്തു.
ഒരു വനിതാ മുഖ്യമന്ത്രി ഭരിക്കുന്ന സംസ്ഥാനമായിട്ട് പോലും സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങളിൽ ബംഗാൾ ഒന്നാം സ്ഥാനത്താണുള്ളത്. എവിടെ നോക്കിയാലും അഴിമതി കാണാം. എസ്എസ് സി റിക്രൂട്ട്‌മെന്റോ മറ്റേതെങ്കിലും തൊഴിൽ നൽകലോ ആകട്ടെ, ബംഗാളിൽ ജോലി വിൽപന നടത്തുകയാണ് ചെയ്യുന്നതെന്നും ബിജെപി അദ്ധ്യക്ഷൻ കുറ്റപ്പെടുത്തി.
Comments