ഹരീഷ് പേരടി നായകനാകുന്ന പുതിയ സിനിമയുടെ പോസ്റ്റര്‍ പങ്കുവെച്ചതിന് സിപിഎം നേതാവ് എം.എ ബേബിയ്‌ക്കെതിരെ സഖാക്കളുടെ സൈബർ ആക്രമണം. ‘ദാസേട്ടന്റെ സൈക്കിൾ’ എന്ന മലയാള സിനിമയുടെ പോസ്റ്ററാണ് എം.എ ബേബി ഫേയ്സ്ബുക്കിൽ പങ്കുവെച്ചത്. ഇതോടെ, സൈബർ സഖാക്കൾ രംഗത്തുവന്നു. സിപിഎമ്മിന്റെയും പിണറായി സർക്കാരിന്റെ വിമര്‍ശകനായ ഹരീഷ് പേരടിയുടെ സിനിമയുടെ പോസ്റ്റര്‍ ഫേയ്സ്ബുക്കില്‍ എന്തിന് പങ്കുവെച്ചു എന്ന് ചോദിച്ചു കൊണ്ടാണ് സൈബർ ആക്രണം.
സഖാക്കളുടെ എതിർപ്പ് ശക്തമായതോടെ സംഭവത്തിൽ വിശദീകരണവുമായി രംഗത്തു വന്നിരിക്കുകയാണ് എം.എം.ബേബി. ”ദാസേട്ടന്റെ സൈക്കിൾ’ എന്ന മലയാളസിനിമയുടെ പോസ്റ്റർ അതിന്റെ നിർമ്മാതാവിന്റെ അഭ്യർത്ഥനപ്രകാരം ഞാനെന്റെ ഫേസ്ബുക്കിൽ പങ്കുവക്കുകയുണ്ടായി. ‘ഇടതുപക്ഷവിരുദ്ധന്റെ’ സിനിമക്ക് ഞാനെന്തിനു പ്രചാരണം നൽകുന്നു എന്ന ചോദ്യം സാമൂഹ്യമാദ്ധ്യമങ്ങളിൽ പലരും ഉയർത്തിയത് എനിക്ക് ചിലസുഹൃത്തുക്കൾ അയച്ചുതരികയുണ്ടായി. ജയപ്രകാശ് കുളൂരിന്റെ ‘അപ്പുണ്ണികളുടെ റേഡിയോ’ എന്ന ഒരു നാടകമാണ് അപ്പുണ്ണി ശശി, ഹരീഷ് പേരടി എന്നീ നടന്മാരുമായി എനിക്കുള്ള സൗഹൃദം ഉറപ്പിച്ചത്. അതിപ്രഗൽഭരായ ആ രണ്ടു നടന്മാരും പുതിയ ഉയരങ്ങൾ കീഴടക്കുന്നുവെന്ന് കേൾക്കാനല്ലാതെ അവരുടെ ചലച്ചിത്രജീവിതം സിനിമകണ്ട് വിലയിരുത്താൻ എനിക്ക് അവസരം കിട്ടിയില്ല’.
‘അങ്ങനെയിരിക്കുമ്പോഴാണ് കഴിഞ്ഞ ദിവസം ഹരീഷിന്റെ അഭ്യർത്ഥന. ചലച്ചിത്ര നിർമ്മാതാവായി തന്റെ ആദ്യസംരഭത്തിന്റ പോസ്റ്റർ ഒന്നു റിലീസ് ചെയ്യണം. 12 ന് ആന്ധ്രയിലെ വിജയവാഡയിലാണെന്നു പറഞ്ഞപ്പോൾ പ്രശ്നമില്ല; ഫേയ്സ്ബുക്കിൽ മതി എന്നറിയിച്ചു. ഇതാണ് സംഭവിച്ചത്. എനിക്കും എന്റെ പാർട്ടിക്കും യോജിക്കാൻ കഴിയാത്ത കാര്യങ്ങൾ ഹരീഷ് പറഞ്ഞിട്ടുണ്ടെങ്കിൽ; അദ്ദേഹം നിർമ്മിക്കുന്ന സിനിമയുടെ പോസ്റ്റർ എന്റെ ഫേയ്സ്ബുക്കിൽ വന്നതോടെ, അത്തരം നിലപാടുകൾക്ക് ഞാൻ അംഗീകാരം കൊടുത്തു എന്ന് വ്യാഖ്യാനിക്കേണ്ടതില്ല. സങ്കുചിതമായ കക്ഷിരാഷ്‌ട്രീയ പരിഗണനകൾക്ക് അതീതമായി കലാസാഹിത്യമേഖലകളിൽ വിമർശനപരമായ സഹകരണം വിശാലാടിസ്ഥാനത്തിൽ സാദ്ധ്യമാവണം എന്നതാണ് കാലഘട്ടം ആവശ്യപ്പെടുന്ന നിലപാട്’ എന്നുമാണ് എം.എ ബേബി ഫേയ്സ്ബുക്കിൽ കുറിച്ചിരിക്കുന്നത്.
















Comments