ന്യൂഡൽഹി: രാഷ്‌ട്രത്തിന് നൽകിയ മികച്ച സേവനത്തിന് രാഷ്‌ട്രപതി നൽകുന്ന കളർ പുരസ്‌കാരം ഹരിയാന പോലീസിന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ സമ്മാനിക്കും. ഹരിയാന പോലീസ് അക്കാദമിയിൽ നടക്കുന്ന ചടങ്ങിൽ സംസ്ഥാന പോലീസിന് രാഷ്‌ട്രപതിയുടെ കളർ പുരസ്‌ക്കാരം ആഭ്യന്തരമന്ത്രി കൈമാറും. ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടർ, സംസ്ഥാന ആഭ്യന്തര മന്ത്രി അനിൽ വിജ് എന്നിവരും ചടങ്ങിൽ പങ്കെടുക്കും.
അർപ്പണ ബോധത്തോടും പ്രതിബദ്ധതയോടും മാനുഷിക മൂല്യങ്ങൾക്ക് കോട്ടം വരാതെയും ചെയ്യുന്ന സേവനത്തിലെ ഉയർന്ന ട്രാക്ക് റെക്കോർഡും, ഹരിയാന പോലീസിന്റെ മികവുറ്റ പ്രകടനവുമാണ് രാഷ്‌ട്രപതിയുടെ ഈ പുരസ്‌ക്കാരത്തിന് ഹരിയാന പോലീസിനെ അർഹമാക്കിയത്. കഴിഞ്ഞ വർഷം ജനുവരി 17-നാണ് ഇന്ത്യൻ രാഷ്‌ട്രപതി അംഗീകാരം ഹരിയാന പോലീസിനെ തേടിയെത്തിയത്.
പ്രസിഡന്റിന്റെ പുരസ്‌ക്കാരം ഹരിയാന പോലീസിനെ സംബന്ധിച്ച് സുവർണ്ണ ചരിത്രം സൃഷ്ടിച്ചിരിക്കുകയാണെന്ന് ഹരിയാന പോലീസ് മേധാവി പികെ അഗർവാൾ പ്രതികരിച്ചു. കഠിനാധ്വാനത്തോടെയും സത്യസന്ധതയോടെയും വെല്ലുവിളികളെ ദൃഢമായി നേരിടുന്ന സാഹചര്യത്തിലാണ് ഹരിയാന പോലീസ് സേനയ്‌ക്ക് ഈ ബഹുമതി ലഭിച്ചതെന്നും ട്വീറ്റിലൂടെ അദ്ദേഹം പറഞ്ഞു.
രാഷ്‌ട്രത്തിന് നൽകിയ മികച്ച സേവനങ്ങൾ പരിഗണിച്ച് ഏതെങ്കിലും സായുധ സേനയ്‌ക്കോ പോലീസ് വിഭാഗത്തിനോ നൽകപ്പെടുന്ന പരമോന്നത ബഹുമതിയാണ് പ്രസിഡന്റ്‌സ് കളർ പുരസ്‌കാരം.
















Comments