ന്യൂഡൽഹി: കേന്ദ്രസർക്കാരിന്റെ അഭിമാനമായ സ്മാർട്ട് സിറ്റി മിഷന്റെ ആദ്യ ഘട്ടത്തിലെ 22 സ്മാർട്ട് സിറ്റികളുടെ എല്ലാ പദ്ധതികളും അടുത്ത മാസം പൂർത്തിയാകും. ആഗ്ര, വാരണാസി, ചെന്നൈ, പൂനെ, അഹമ്മദാബാദ് എന്നീ നഗരങ്ങൾ ഉൾപ്പെടെയുളള സ്മാർട്ട് സിറ്റികളുടെ പദ്ധതികളാണ് അടുത്ത മാസം പൂർത്തിയാകുന്നത്. സ്മാർട്ട് സിറ്റി പദ്ധതിയുടെ ആദ്യ ഘട്ടത്തിൽ 100 നഗരങ്ങളെയാണ് തിരഞ്ഞെടുത്തിരുന്നത്.
സ്മാർട്ട് സിറ്റിക്ക് കീഴിൽ തിരഞ്ഞെടുത്ത ബാക്കിയുള്ള 78 നഗരങ്ങളിൽ പദ്ധതികൾ അടുത്ത മൂന്ന്-നാല് മാസത്തിനുള്ളിൽ പൂർത്തിയാകുമെന്ന് കേന്ദ്ര ഭവന, നഗരകാര്യ മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. നരേന്ദ്രമോദി സർക്കാർ 2015 ജൂണിലാണ് സ്മാർട്ട് സിറ്റി മിഷൻ ആരംഭിച്ചത്. 2016 ജനുവരി മുതൽ 2018 ജൂൺ വരെ നാല് തവണ കൂടി ആലോചിച്ചാണ് 100 നഗരങ്ങളെ പുനർവികസനത്തിനായി തിരഞ്ഞെടുത്തത്.
ഭോപ്പാൽ, ഇൻഡോർ, ആഗ്ര, വാരണാസി, ഭുവനേശ്വർ, ചെന്നൈ, കോയമ്പത്തൂർ, ഈറോഡ്, റാഞ്ചി, സേലം, സൂറത്ത്, ഉദയ്പൂർ, വിശാഖപട്ടണം, അഹമ്മദാബാദ്, കാക്കിനാഡ, പൂനെ, വെല്ലൂർ, പിംപ്രി-ചിഞ്ച്വാഡ്, മധുരൈ, അമരാവതി, തിരുച്ചിറപ്പള്ളി, തഞ്ചാവൂർ എന്നീ നഗരങ്ങളിലെ സ്മാർട്ട് സിറ്റി പദ്ധതി അടുത്ത മാസം പൂർത്തീകരിക്കുമെന്ന് നഗരകാര്യ മന്ത്രാലയം അറിയിച്ചു. രാജ്യത്തിലെ പ്രധാന നഗരങ്ങളിലെ അടിസ്ഥാന സൗകര്യങ്ങൾ വർദ്ധിപ്പിക്കുകയും ജനങ്ങളുടെ ജീവിത സാഹചര്യം ഉയർത്തുകയുമാണ് സ്മാർട്ട് സിറ്റി പദ്ധതികൊണ്ട് കേന്ദ്ര സർക്കാർ ലക്ഷ്യമിടുന്നത്.
















Comments