കൽപ്പറ്റ: മോഷണം നടത്തിയെന്നാരോപിച്ച് ആൾക്കൂട്ടം മർദ്ദിച്ച വനവാസി യുവാവ് തൂങ്ങി മരിച്ച സംഭവത്തിൽ പ്രതിഷേധം ഇരമ്പുന്നു. കൽപറ്റ വെള്ളാരംകുന്ന് അഡ്‌ലേഡ് പാറവയൽ കോളനിയിലെ വിശ്വനാഥൻ (46) ആണ് മരിച്ചത്. ഭാര്യയുടെ പ്രസവത്തിനായി മെഡിക്കൽ കോളജിൽ എത്തിയപ്പോൾ മോഷണം നടത്തിയെന്നാരോപിച്ച് ആൾക്കൂട്ടം യുവാവിനെ
മർദ്ദിക്കുകയായിരുന്നു. ഇതിൽ മനം നൊന്താണ് വിശ്വനാഥൻ ആത്മഹത്യ ചെയ്തത്. സംഭവത്തിൽ പ്രതിഷേധം അറിയിച്ച് യുവമോർച്ച ദേശീയ സെക്രട്ടറി പി.ശ്യാംരാജ് രംഗത്തു വന്നിരിക്കുകയാണ്. ഒരു വനവാസിയെ കണ്ടാൽ കള്ളനെന്ന് തോന്നുന്നത് നിങ്ങളുടെയുള്ളിലെ വംശവെറിയാണെന്ന് ശ്യാംരാജ് തുറന്നടിച്ചു.
‘തൂങ്ങിയാടുന്നത് മനുഷ്യ ശരീരമാണ്. കോഴിക്കോട് മെഡിക്കൽ കോളേജിലെ ആൾക്കൂട്ട വിചാരണയിൽ മനം നൊന്ത് ആത്മഹത്യ ചെയ്ത വയനാട്ടുകാരൻ വനവാസി യുവാവ് വിശ്വനാഥന്റെ ശരീരം. ഭാര്യയുടെ പ്രസവത്തിനായി, നീണ്ട നാളുകൾക്ക് ശേഷം ആറ്റു നോറ്റിരുന്നുണ്ടായ കൺമണിയെ കാണാനായി, ഒരു പാട് സ്വപ്നങ്ങളുമായിട്ടാണ് വിശ്വനാഥനെന്ന വനവാസി യുവാവ് വയനാടൻ ചുരമിറങ്ങി കോഴിക്കോട് മെഡിക്കൽ കോളേജിലെത്തിയത്. മെഡിക്കൽ കോളേജിലെ സെക്യൂരിറ്റിമാരുടെ പണമോ, ഫോണോ കാണാതായതിന് മോഷണക്കുറ്റം ഒരു തെളിവുമില്ലാതെ ആരോപിക്കുകയായിരുന്നു’.
‘ഒരു വനവാസിയെ കണ്ടാൽ കള്ളനെന്ന് തോന്നുന്നത് നിങ്ങളുടെയുള്ളിലെ വംശവെറിയാണ്. പോലീസിൽ പരാതിപ്പെടാതെ, വിശ്വനാഥനെ അവർ ആൾക്കൂട്ട വിചാരണ ചെയ്തത് ആരും ചോദിക്കാൻ വരില്ലെന്ന ധൈര്യത്താൽ തന്നെയാണ്. ആശുപത്രി ജീവനക്കാർ നടത്തിയ കൊലപാതകത്തിനെതിരെ (ആത്മഹത്യാ പ്രേരണയെന്ന് പറയാൻ കഴിയില്ല), പോലീസിന്റെ നിഷ്ക്രിയത്തത്തിനെതിരെ നടപടിയെടുത്തേ പറ്റൂ. വകുപ്പ് മന്ത്രിയും, പട്ടികവർഗ കമ്മീഷനും എന്തെങ്കിലും ഉരിയാടിയതായി അറിയില്ല. നടപടികളെടുത്തേ പറ്റൂ’ എന്നാണ് ശ്യാംരാജ് പ്രതികരിച്ചിരിക്കുന്നത്.
Comments