ബെംഗളൂരു: ഏഷ്യയിലെ തന്നെ ഏറ്റവും വലിയ എയ്റോ ഷോയ്ക്ക് ബെംഗളൂരുവിൽ തുടക്കം കുറിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. പരിപാടിയുടെ 14-ാം പതിപ്പായ എയ്റോ ഇന്ത്യ 2023 തിങ്കളാഴ്ച രാവിലെയാണ് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തത്. വിദേശ കമ്പനികളുടെ പങ്കാളിത്തം ഉറപ്പുവരുത്താൻ തദ്ദേശീയ ഉപകരണങ്ങളുടെയും സാങ്കേതിക വിദ്യകളുടെയും പ്രദർശനമുൾപ്പെടെയാണ് എയ്റോ ഇന്ത്യ 2023ൽ ഒരുക്കിയിരിക്കുന്നത്.
പുതിയ ഇന്ത്യയുടെ കഴിവുകൾക്ക് ബെംഗളൂരുവിന്റെ ആകാശം സാക്ഷിയാവുകയാണെന്ന് ഉദ്ഘാടന വേളയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. പുതിയ ഉയരങ്ങൾ കീഴടക്കുകയാണ് ഇന്ത്യ. ഇന്ന്, പുതിയ ഉയരത്തെ സ്പർശിക്കാൻ മാത്രമല്ല അത് മറികടക്കാനും രാജ്യത്തിന് കഴിയും. ഇന്ത്യയുടെ വികസിച്ചുകൊണ്ടിരിക്കുന്ന കഴിവുകളുടെ പ്രതീകം കൂടിയാണ് എയ്റോ ഇന്ത്യ. ഇവിടെ എത്തിച്ചേർന്നിരിക്കുന്നത് നൂറോളം രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികളാണ്. ഇന്ത്യയ്ക്ക് മേൽ വിദേശരാജ്യങ്ങൾ അർപ്പിക്കുന്ന വിശ്വാസം വർധിച്ചുവെന്നാണ് ഇത് സൂചിപ്പിക്കുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു.
പുതിയ ഇന്ത്യയുടെ പുത്തൻ സമീപനങ്ങളാണ് എയ്റോ ഇന്ത്യ 2023ൽ പ്രതിഫലിക്കപ്പെടുന്നത്. ഇത് വെറുമൊരു ‘ഷോ’ ആയി മാത്രം പരിഗണിച്ചിരുന്ന കാലമുണ്ടായിരുന്നു. എന്നാൽ കഴിഞ്ഞ ഏതാനും വർഷങ്ങൾക്കൊണ്ട് ആ കാഴ്ചപ്പാട് മാറ്റിയെടുക്കാൻ രാജ്യത്തിന് കഴിഞ്ഞു. ഇന്നിത് വെറുമൊരു പ്രദർശനമല്ല, രാജ്യത്തിന്റെ കരുത്ത് തെളിയിക്കലാണ്. പ്രതിരോധ മേഖലയിലുള്ള ഇന്ത്യയുടെ സാധ്യതകളും രാഷ്ട്രത്തിന്റെ ആത്മവിശ്വാസവുമാണ് എയ്റോ ഇന്ത്യ 2023-ലൂടെ കാണാനാവുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു.
ഇന്നത്തെ നമ്മുടെ വിജയം ഇന്ത്യയുടെ സാമർത്ഥ്യത്തിന്റെ തെളിവാണ്. തേജസ് എയർക്രാഫ്റ്റ് അതിനൊരു ഉദാഹരണമാണ്. 21-ാം നൂറ്റാണ്ടിലെ പുതിയ ഇന്ത്യ ഒരവസരവും പാഴാക്കുകയില്ല. കൂടാതെ ഈ രാജ്യത്തിന്റെ കഠിനാധ്വാനത്തിന് തെല്ലും കുറവുണ്ടാകുകയുമില്ല. ഇന്നത്തെ ഇന്ത്യ ഒരു വിപണി കേന്ദ്രം മാത്രമല്ല, നിരവധി രാജ്യങ്ങൾക്ക് ഒഴിച്ചുകൂടാനാകാത്ത പ്രതിരോധ പങ്കാളിയുമാണ്. എയ്റോ ഇന്ത്യ 2023ൽ ഇന്ത്യയിലെയും വിദേശത്തേയുമായി എഴുന്നൂറോളം പേരാണ് പ്രദർശനത്തിൽ പങ്കുച്ചേരുന്നത്. നേരത്തെ സൃഷ്ടിച്ച എല്ലാ റെക്കോർഡുകളും ഇത്തവണ പഴങ്കഥയാവും. ഒരു പ്രദർശനമെന്നതിനേക്കാളുപരി ഇന്ത്യയുടെ ആത്മവിശ്വാസത്തിന്റെ പ്രതിഫലനം കൂടിയാണ് എയ്റോ ഇന്ത്യ 2023 എന്നും പ്രധാനമന്ത്രി ജനങ്ങളോട് പറഞ്ഞു.
Comments