തന്റെ പുതിയ ചിത്രത്തിന്റെ പോസ്റ്ററുകൾ കീറി കളയുന്നതിനെതിരെ നടി ശ്വേതാ മോനോൻ രംഗത്ത്. ‘പള്ളിമണി’ എന്ന പുതിയ ചിത്രത്തിന്റെ പോസ്റ്ററുകളാണ് തിരുവനന്തപുരത്ത് പലയിടങ്ങളിലും കീറി കളഞ്ഞിരിക്കുന്നത്. ഇതിന്റെ ചിത്രങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവെച്ചു കൊണ്ടാണ് നടിയുടെ പ്രതികരണം. പല വിഷയങ്ങളിലും താൻ എടുത്ത ധീരവും നീതിയുക്തവുമായ നിലപാടുകളെ എതിർക്കുന്നവരാണ് പോസ്റ്റർ കീറിയതിനു പിന്നിലെന്ന് ശ്വേതാ മേനോൻ പറഞ്ഞു.
‘അടുത്തിടെ, തിരുവനന്തപുരത്ത് എന്റെ പുതിയ ചിത്രമായ പള്ളിമണിയുടെ പോസ്റ്ററുകൾ കീറിക്കളഞ്ഞിരുന്നു. പല വിഷയങ്ങളിലും എന്റെ ധീരവും നീതിയുക്തവുമായ നിലപാട് എതിർപ്പിന് കാരണമായേക്കാമെന്ന് ഞാൻ മനസ്സിലാക്കുന്നുണ്ട്. എങ്കിലും, ഞാൻ ഭാഗമാകുന്നു എന്ന പേരിൽ ഒരു സിനിമയെ ആക്രമിക്കുന്നത് തികഞ്ഞ ഭീരുത്വമാണ്. ഒരു നവാഗത സംവിധായകന്റെയും നവാഗത നിർമ്മാതാവിന്റെയും സ്വപ്ന സാക്ഷാത്കാരമാണ് ഈ ചിത്രം’.
‘എണ്ണമറ്റ വ്യക്തികളുടെ ഉപജീവനമാർഗമാണ് ഈ സിനിമാ വ്യവസായം. അതുകൊണ്ട്, ഒരു സിനിമയെ ലക്ഷ്യമിടുന്നതിനും കഠിനാധ്വാനികളായ നിരവധി ആളുകളുടെ ഉപജീവനമാർഗത്തെ വ്രണപ്പെടുത്തുകയും ചെയ്യുന്നതിനുപകരം, എന്നെ നേരിട്ട് നേരിടാൻ ഈ നികൃഷ്ടമായ പ്രവർത്തനത്തിന് പിന്നിലുള്ളവരെ ഞാൻ വെല്ലുവിളിക്കുന്നു’ എന്ന് ശ്വേതാ മോനോൻ പറഞ്ഞു.
















Comments