ന്യൂഡൽഹി: രാജ്യത്തുടനീളമുള്ള 1.56 ലക്ഷം ആയുഷ്മാൻ ഭാരത് ആരോഗ്യ കേന്ദ്രങ്ങളിൽ സൈക്ലത്തോൺ സംഘടിപ്പിക്കുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി ഡോ മൻസുഖ് മാണ്ഡവ്യ. നമ്മുടെ ശരീരം ആരോഗ്യകരവും ക്ഷമതയുള്ളതും സജീവവുമാക്കി നിലനിർത്തുന്നതിനുള്ള ഏറ്റവും നല്ല മാർഗമാണ് സൈക്ലിംഗ്. നിങ്ങൾക്ക് തോന്നുന്നത്രയും കുറച്ചു ദൂരമോ കൂടുതൽ ദൂരമോ സൈക്കിൾ ഓടിക്കുക, പക്ഷേ ഉറപ്പായും സൈക്ലിംഗ് ചെയ്യുക എന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു.
ആയുഷ്മാൻ ഭാരത് ആരോഗ്യ കേന്ദ്രങ്ങൾ പ്രതിരോധവും പ്രോത്സാഹനവും നൽകുന്ന ആരോഗ്യ സംരക്ഷണത്തിലേക്കുള്ള പ്രവേശനം ഉറപ്പാക്കുന്നു. ശാരീരികവും മാനസികവുമായ ക്ഷേമത്തെക്കുറിച്ചുള്ള അവബോധം വളർത്തുന്നതിന് രാജ്യത്തുടനീളമുള്ള 1.56 ലക്ഷം ആയുഷ്മാൻ ഭാരത് ആരോഗ്യ കേന്ദ്രങ്ങളിൽ രാജ്യവ്യാപകമായി 2023 ഫെബ്രുവരി 14 ന് സൈക്ലത്തോൺ സംഘടിപ്പിക്കുമെന്ന് അദ്ദേഹം അറിയിച്ചു.
ആരോഗ്യകരമായ ജീവിതത്തെക്കുറിച്ചുള്ള അവബോധം വർദ്ധിപ്പിക്കുന്നതിനായി കഴിഞ്ഞ വർഷം ആരംഭിച്ച ‘സ്വസ്ത മാൻ, സ്വസ്ഥ ഘർ’ കാമ്പൈയിന്റെ ഭാഗമായി എല്ലാ മാസവും 14-ന് 1.56 ലക്ഷം ആയുഷ്മാൻ ഭാരത് ആരോഗ്യ കേന്ദ്രങ്ങളിൽ ആരോഗ്യ മേളകൾ സംഘടിപ്പിക്കും. യോഗ, സൂംബ, ടെലി കൺസൾട്ടേഷൻ, നിക്ഷയ് പോഷൺ അഭിയാൻ, സാംക്രമികേതര രോഗങ്ങളുടെ പരിശോധന, മരുന്ന് വിതരണം, അരിവാൾ കോശ രോഗ പരിശോധന തുടങ്ങിയ പ്രവർത്തനങ്ങൾ രാജ്യവ്യാപകമായി ഈ ആരോഗ്യ മേളകളുടെ ഭാഗമായി നടത്തുമെന്ന് ആരോഗ്യ മന്ത്രാലയം പറഞ്ഞു.
















Comments