കൽപ്പറ്റ: മോഷണം നടത്തിയെന്നാരോപിച്ച് ആൾക്കൂട്ടം മർദ്ദിച്ച വനവാസി യുവാവ് തൂങ്ങി മരിച്ചത് കേരള മനസാക്ഷിയെ ഞെട്ടിച്ച വാർത്തയാണ്. കൽപറ്റ വെള്ളാരംകുന്ന് അഡ്‌ലേഡ് പാറവയൽ കോളനിയിലെ വിശ്വനാഥൻ ആണ് മരിച്ചത്. ദാരുണമായ സംഭവം നടന്നിട്ടും സർക്കാരോ പോലീസോ വേണ്ട വിധത്തിൽ ഇടപെടാത്തതതും മുഖ്യമന്ത്രി പിണറായി വിജയൻ സംഭവത്തിൽ പ്രതികരിക്കാത്തതും വലിയ പ്രതിഷേധത്തിന് കാരണമാകുന്നുണ്ട്. വിശ്വനാഥന്റെ മകന് തന്റെ അച്ഛൻ ഒരു കള്ളനല്ലായിരുന്നുവെന്ന് അന്തസോടെ പറയണമെങ്കിൽ കേസ് സത്യസന്ധമായി അന്വേഷിച്ച് കുറ്റവാളികൾക്കെതിരെ നടപടിയെടുക്കണമെന്ന് യുവമോർച്ച ദേശീയ സെക്രട്ടറി പി.ശ്യാംരാജ് പറഞ്ഞു.
‘ആ പുതപ്പിനടിയിൽ വിശ്വനാഥന്റെ 5 ദിവസം പ്രായമുള്ള കുഞ്ഞുണ്ട്. നീണ്ട 8 വർഷങ്ങളുടെ കാത്തിരുപ്പിന് ശേഷമുണ്ടായ പൊൻകുഞ്ഞ്. അവനെ കാണാനും ഒന്നെടുത്ത് ഉമ്മ വയ്‌ക്കാനുമായിരുന്നു വിശ്വനാഥൻ വയനാട്ടിലെ തന്റെ കുടിയിൽ നിന്നും പരിഷ്കൃതരുടെ(?) ഇടമായ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് യാത്ര തിരിച്ചത്. പക്ഷേ, വംശീയത തലയ്‌ക്കു പിടിച്ച മനുഷ്യത്വം തൊട്ടു തീണ്ടാത്ത ഒരു കൂട്ടം മനുഷ്യർ ചേർന്ന് അയാളെ കൊന്നു കളഞ്ഞു. ബിജെപി വയനാട് ജില്ല അദ്ധ്യക്ഷൻ കെ.പി മധു, എസ്ടി മോർച്ച സംസ്ഥാന അദ്ധ്യക്ഷൻ മുകുന്ദൻ പള്ളിയറ എന്നിവരോടൊപ്പം വിശ്വനാഥന്റെ വീട്ടിൽ പോയിരുന്നു. തളർന്നിരിക്കുന്ന ഭാര്യയേയും, 5 ദിവസം പ്രായമായ കുട്ടിയേയും കണ്ടു. ആദ്യം വീട്ടുകാർ സംസാരിക്കുവാൻ കൂട്ടാക്കിയില്ല. പിന്നീട് കേന്ദ്ര പട്ടികവർഗ കമ്മീഷന് പരാതി നൽകിയ ആളാണെന്ന് പറഞ്ഞപ്പോഴാണ് സംസാരിക്കാൻ കൂട്ടാക്കിയത്’.
‘നിങ്ങൾ ആർക്കെതിരെയാണ് പരാതി കൊടുത്തത്? എന്റെ ഭർത്താവിനെ കള്ളനെന്ന് വിളിച്ച മെയ്ൻ ഗേറ്റിലെ സെക്യൂരിറ്റിമാർക്കെതിരെ പരാതി കൊടുത്തോ? ഭർത്താവിനെ കാണാനില്ലെന്ന് പരാതി പറഞ്ഞിട്ടും കേസെടുക്കാത്ത പോലീസിനെതിരെ പരാതി കൊടുത്തോ? എന്റെ ഭർത്താവ് ഭയന്നോടി ഇരുട്ടത്ത് മറഞ്ഞപ്പോൾ തിരിഞ്ഞു നോക്കാതെ, അയാളെ അവിടെങ്ങാനും പോയി നോക്കാൻ പറഞ്ഞ പേരറിയാത്ത (കേരള മനസാക്ഷിയെ പ്രതിനിധീകരിക്കുന്ന) ആളുകൾക്കെതിരേ കേസു കൊടുത്തോ? എന്റെ ഭർത്താവ് കളളനല്ല. അദ്ദേഹത്തിന്റെ കയ്യിൽ പണമുണ്ടായിട്ടും അദ്ദേഹമെന്തിന് കക്കാൻ പോകണം?’
‘പ്രിയപ്പെട്ട കേരള സമൂഹമേ, വിശ്വനാഥൻ കള്ളനല്ല. അയാളതു ചെയ്യുകയുമില്ല. ഇനി വളർന്നു വരുന്ന ആ മകനെങ്കിലും തന്റെ അച്ഛൻ ഒരു കള്ളനല്ലായിരുന്നുവെന്ന് അന്തസോടെ പറയാൻ കഴിയണം. അതിന് ഈ കേസ് സത്യസന്ധമായി അന്വേഷിച്ച് കുറ്റവാളികൾക്കെതിരെ നടപടിയെടുക്കണം. അല്ലെങ്കിൽ ചരിത്രം നമുക്ക് മാപ്പ് തരില്ല. ഒരു കാര്യമുറപ്പാണ് വനവാസിയായ വിശ്വനാഥന് മൃഗങ്ങളിൽ നിന്നൊരിക്കലും ഇങ്ങനൊരാക്രമണം ഉണ്ടായിട്ടില്ല. അതേ, മനുഷ്യത്വമല്ല, മൃഗത്വമാണ് ഭേദം’ എന്ന് പി.ശ്യാംരാജ് പറഞ്ഞു.
Comments