അങ്കാര : ഇന്ത്യൻ ആർമി ഉദ്യോഗസ്ഥർക്ക് വേണ്ടി ട്രാക്കിംഗ് ‘സംവിധാനമായ സഞ്ചാർ’ തയ്യാർ. സൈനികരെ ട്രാക്ക് ചെയ്യുന്നതിനുള്ള ഉപകരണമാണിത്. സൈനിക ഉദ്യോഗസ്ഥർ തന്നെയാണ് സഞ്ചാറിന്റെ രൂപകൽപ്പനയ്‌ക്ക് പിന്നിൽ. ക്യാപ്റ്റൻ കരൺ സിംഗ്, സബ് പിജി സാപ്രെ എന്നിവരടങ്ങിയ സംഘമാണ് ഉപകരണം വികസിപ്പിച്ചെടുത്തതെന്ന് ഇന്ത്യൻ സൈന്യം അറിയിച്ചു.
നിലവിൽ ക്യാപ്റ്റൻ കരൺ സിംഗ് തുർക്കിയിലെ രക്ഷാദൗത്തിനായി നിയോഗിക്കപ്പെട്ടിരിക്കുകയാണ്. ദുരന്തഭൂമിയിലും സഞ്ചാറിന്റെ പ്രവർത്തനം ഉപയോഗപ്പെടുത്തുന്നുണ്ടെന്ന് ക്യാപ്റ്റൻ അറിയിച്ചു. എല്ലാ പ്രതിരോധ, അർദ്ധസൈനിക സേനകൾക്കും ഉപയോഗിക്കാവുന്ന ഈ സംവിധാനം സംയുക്ത സേനാഗങ്ങളെയും യുദ്ധഭൂമിയിലെ വസ്തുവകകളെയും ട്രാക്ക് ചെയ്യുന്നതിന് സഹായകമാകും. എല്ലാ ഭൂപട ഘടനകൾക്കും ജിപിഎസ് സംവിധാനങ്ങൾക്കും അനുയോജ്യമാകുന്ന വിധത്തിലാണ് സഞ്ചാറിന്റെ രൂപകൽപ്പന. ഉപകരണത്തിന് താരതമ്യോന ഭാരം കുറവും 1.5-കിലോമീറ്റർ ദൂരപരിധി വരെ ആശയവിനിമയം നടത്താനും സാധിക്കുന്നതുമാണ്. ആറ് മുതൽ ഏഴ് മണിക്കൂർ വരെ ബാറ്ററി പ്രവർത്തനക്ഷമതയും ഇവയ്‌ക്കുണ്ട്.
‘ഓപ്പറേഷൻ ദോസ്ത്’ പ്രകാരം കേന്ദ്ര ആരോഗ്യ മന്ത്രാലയം ഭൂകമ്പം ബാധിച്ച തുർക്കിക്കും, സിറിയയ്‌ക്കും മെഡിക്കൽ സഹായം എത്തിച്ചിരുന്നു. ഏഴ് കോടിയിലധികം വിലമതിക്കുന്ന മരുന്നുകളും, സംരക്ഷണ സാമഗ്രികളും, ഉപകരണങ്ങളുമാണ് ഇന്ത്യയിൽ നിന്ന് തുർക്കിയിലേക്ക് അയച്ചത്. 1.4 കോടി രൂപ വിലമതിക്കുന്ന അവശ്യവസ്തുക്കളും 7.3 ടണ്ണിന്റെ സംരക്ഷണ വസ്തുക്കളും സിറിയയ്‌ക്കുള്ള ചരക്കിൽ ഉൾപ്പെടുന്നുണ്ട്. തുർക്കിയിലേക്ക് അയച്ച ദുരിതാശ്വാസ സാമഗ്രികളിൽ നാല് കോടി രൂപയുടെ 14 തരം മെഡിക്കൽ ഉപകരണങ്ങളാണ് അയച്ചത്. ഭൂകമ്പ ബാധിത പ്രദേശത്ത് ഇന്ത്യൻ സേന സജീവ രക്ഷാപ്രവർത്തനം നടത്തുകയും ചെയ്തിരുന്നു.
















Comments