ബംഗളൂരു : മഹാശിവരാത്രി ആഘോഷിക്കുന്ന ഫെബ്രുവരി 18 ന് ബംഗളൂരു നഗരാതിർത്തി ക്കുള്ളിൽ ഇറച്ചി വിൽപനയും മൃഗങ്ങളെ കശാപ്പുചെയ്യുന്നതും നിരോധിച്ചുകൊണ്ട് ബംഗളൂരുമഹാനഗര കോർപ്പറേഷൻ (ബിബിഎംപി)സർക്കുലർ പുറപ്പെടുവിച്ചു.
ബിബിഎംപി മൃഗസംരക്ഷണവിഭാഗം ജോയിന്റ് ഡയറക്ടറാണ് ഫെബ്രുവരി 18 ന് മൃഗങ്ങളെ കൊല്ലുന്നതും മാംസം വിൽക്കുന്നതും നിരോധിച്ചുകൊണ്ട് സർക്കുലർ പുറപ്പെടുവിച്ചത്. മഹാശിവരാത്രിയോട് അനുബന്ധിച്ച് ബെംഗളൂരുവിലെ അറവുശാലകൾ അടച്ചുപൂട്ടാൻ ബിബിഎംപി ഉത്തരവിട്ടതായി വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. എല്ലാ വർഷവും ഗണേശചതുർത്ഥി, ശ്രീരാമനവമി, കൃഷ്ണ ജന്മാഷ്ടമി എന്നിവയുൾപ്പെടെയുള്ള പ്രധാന ഉത്സവങ്ങളിൽ ഇറച്ചി വിൽപന ബിബിഎംപി നിരോധിക്കാറുണ്ട്. കൂടാതെ, ഒക്ടോബർ 2 ഗാന്ധി ജയന്തി ദിനത്തിൽ മാംസം വിൽക്കുന്നതും മൃഗങ്ങളെ കൊല്ലുന്നതും ബിബിഎംപി നിരോധിച്ചിട്ടുണ്ട്.
ബംഗളൂരുവിൽ കഴിഞ്ഞ നാല് ദിവസമായി നടക്കുന്ന എയ്റോ ഇന്ത്യ ഷോയോടനുബന്ധിച്ചു യലഹങ്ക എയർപോർട്ടിന്റെ 10 കിമി ചുറ്റളവിൽ ഇറച്ചിയും ഇറച്ചി ഉത്പ്പന്നങ്ങളും വിൽക്കുന്നത് നിരോധിച്ചിരുന്നു. റസ്റ്റോറന്റുകൾ അവരുടെ മാംസാവശിഷ്ടങ്ങൾ അലക്ഷ്യമായി ഉപേക്ഷിക്കുന്നത് മൂലം ധാരാളം പക്ഷികൾ അവ ഭക്ഷിക്കുവാൻ എത്തിച്ചേരാറുണ്ട്. ഈ പക്ഷികൾ വിമാനങ്ങൾക്ക് ഭീഷണി ആകുമെന്നത് കൊണ്ടാണ് കഴിഞ്ഞ ദിവസങ്ങളിൽ ഹോട്ടലുകളിൽ പോലും ഇറച്ചിവില്പന നിരോധിച്ചിരുന്നത്.
















Comments