മുംബൈ : സമൂഹമാദ്ധ്യമങ്ങളിലെ ഇൻഫ്‌ളുവൻസർമാർക്കെതിരെ 2,767 പരാതികൾ ഉയർന്നുവന്നിട്ടുണ്ടെന്ന് അഡ്വർടൈസിംഗ് സ്റ്റാൻഡേർഡ് കൗൺസിൽ ഓഫ് ഇന്ത്യ (എഎസ്‌സിഐ). ഇൻഫ്‌ളുവൻസർ വിഭാഗത്തിൽപ്പെടുന്നവർ പാലിക്കേണ്ട മാർഗനിർദേശങ്ങൾ വിശദമാക്കി എൻഡോസ്മെന്റ് നോ ഹൗസ് എന്ന പേരിൽ കേന്ദ്ര സർക്കാർ ഉത്തരവ് പുറത്തിറക്കിയിരുന്നു. പ്രസ്തുത നിർദേശങ്ങൾ ലംഘിച്ചുവെന്ന് ചൂണ്ടിക്കാട്ടുന്നതാണ് നിലവിലെ പരാതികൾ.
മെറ്റയുടെ ഉടമസ്ഥതയിലുള്ള ഇൻസ്റ്റാഗ്രാമിൽ പകുതിയിലധികം ലംഘനങ്ങൾ കണ്ടെത്തിയതായി അധികൃതർ സൂചിപ്പിക്കുന്നു. കൂടാതെ ആൽഫബെറ്റിന്റെ ഉടമസ്ഥതയിലുള്ള യൂട്യൂബ് ഇതിന്റെ മൂന്നിലൊന്നും ലംഘനങ്ങൾ വരുത്തിയതായി എഎസ്‌സിഐ പറഞ്ഞു. ലഭിച്ചിരിക്കുന്ന പരാതികളിൽ 90 ശതമാനത്തിലധികവും മാറ്റങ്ങളുടെ ആവശ്യകതയാണ് സൂചിപ്പിക്കുന്നത്.
പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന തരത്തിലുള്ള സമൂഹമാദ്ധ്യമ ഇൻഫ്‌ളുവൻസർമാരുടെ ഇടപെടലുകൾക്ക് കേന്ദ്ര സർക്കാർ മാർഗ്ഗ നിർദേശം നൽകിയിരുന്നു. പ്രമോഷനുകൾ നടത്തുമ്പോൾ സ്‌പോൺസേഡ് എന്നോ പെയ്ഡ് പ്രമോഷൻ എന്നോ കൃത്യമായി ചേർക്കണമെന്ന് ചേർക്കണമെന്നാണ് നിർദേശം. ആനുകൂല്യങ്ങൾ സംബന്ധിച്ച വിവരങ്ങൾ ലളിതമായി കാഴ്ചക്കാർക്ക് മനസ്സിലാകും വിധം അവതരിപ്പിക്കണമെന്നും വ്യക്തമാക്കിയിട്ടുണ്ട്.
മാർഗ്ഗ നിർദേശങ്ങൾ ലംഘിക്കുന്നവർക്ക് 50 ലക്ഷം രൂപ പിഴയും കൂടാതെ ഉത്പന്നങ്ങൾക്കും സ്ഥാപനങ്ങൾക്കും ആറ് വർഷം വരെ സമൂഹമാദ്ധ്യമത്തിൽ വിലക്കേർപ്പെടുത്തുമെന്നും കേന്ദ്ര സർക്കാർ പുറത്തിറക്കിയ മാർഗ്ഗ നിർദേശത്തിൽ സൂചിപ്പിക്കുന്നു. 2021 മെയ് മാസത്തിലാണ് ഇൻഫ്ളുവൻസേഴ്സ് വിഭാഗത്തിൽപ്പെടുന്നവർക്ക് മാർഗ്ഗ നിർദേശങ്ങൾ കൊണ്ടുവരുന്നത്.
Comments