ന്യൂഡൽഹി: ട്രോളുകൾ ഉണ്ടാക്കുന്നവർക്ക് താൻ കടന്നുവന്ന പ്രയാസമേറിയ യാത്രയെക്കുറിച്ച് അറിയില്ലെന്ന് ക്രിക്കറ്റ് താരം രവീന്ദ്ര ജഡേജ. അവർ വെറുതെ മീമുകളും ട്രോളുകളും ഉണ്ടാക്കുകയും അവരുടെ മനസ്സിൽ വരുന്നതെന്തും എഴുതി പ്രചരിപ്പിക്കുകയും ചെയ്യും. താൻ നന്നായി പ്രകടനം നടത്താത്ത ദിവസങ്ങളിൽ സാഹചര്യം മനസ്സിലാക്കാതെ തന്നെ ട്രോളന്നവരുണ്ടെന്നും അത്തരക്കാർക്ക് താൻ എങ്ങനെ ഇതുവരെ എത്തി എന്നതിനെ കുറിച്ച് അറിയില്ലെന്നും ഇന്ത്യൻ ഓൾ റൗണ്ടർ പറഞ്ഞു.
ഐപിഎല്ലിൽ താൻ പണം സമ്പാദിക്കുന്നതിനെ കുറിച്ച് പലപ്പോഴും വിമർശനങ്ങൾ നേരിട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ ടൂർണമെന്റിൽ ഇടം കണ്ടുപിടിക്കുന്നതിന് പിന്നിലെ മാനദണ്ഡം എന്താണെന്ന് ആരും മനസ്സിലാക്കാറില്ലെന്നും താരം പറഞ്ഞു. ആരുടെയും മുഖം നോക്കിയല്ല തിരഞ്ഞെടുക്കലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ മൂന്ന് ഫോർമാറ്റിലും പ്രകടനം കാഴ്ചവെക്കാൻ ജഡേജ തുടങ്ങിയിട്ട് വർഷങ്ങളേറെയായി. എന്നാൽ അന്താരാഷ്‌ട്ര ക്രിക്കറ്റിന്റെ തുടക്കത്തിൽ സ്ഥിരതയില്ലാത്ത പ്രകടനത്തിന്റെ പേരിൽ വിമർശനങ്ങൾ നേരിട്ട സമയങ്ങളും ജഡേജക്കുണ്ടായിരുന്നു. ബോർഡർ ഗവാസ്‌കർ ടെസ്റ്റ് പരമ്പരയിലെ ആദ്യ ടെസ്റ്റിൽ ഇന്ത്യൻ താരം രവീന്ദ്ര ജഡേജ ഉജ്ജ്വലമായ തിരിച്ചുവരവ് തന്നെയാണ് നടത്തിയത്. ആദ്യ ഇന്നിംഗ്സിൽ തന്നെ അഞ്ച് വിക്കറ്റും അർദ്ധ സെഞ്ച്വറി (70)യും ജഡേജ സ്വന്തമാക്കി. മത്സരത്തിൽ ഇന്ത്യ കൂറ്റൻ ഇന്നിംഗ്സ് രേഖപ്പെടുത്തുകയും ചെയ്തു. നാഗ്പൂരിൽ 132 റൺസ് വിജയം നേടുകയും ചെയ്തു. കഴിഞ്ഞ വർഷം സെപ്റ്റംബറിൽ നടന്ന ഏഷ്യാ കപ്പിനിടെ കാൽമുട്ടിന് പരിക്കേറ്റ ജഡേജ കഴിഞ്ഞ കുറച്ച് മാസങ്ങളായി മത്സരങ്ങളിൽ നിന്ന് വിട്ടുനിൽക്കുകയായിരുന്നു. ന്യൂസിലാൻഡ്, ബംഗ്ലാദേശ് ടീമിന്റെ എവേ പര്യടനങ്ങളിലും ശ്രീലങ്കയ്‌ക്കും കിവീസിനുമെതിരായ ഹോം സീരീസുകൾക്കും ജഡേജ കളിച്ചില്ല.
















Comments