ഒരു കൂവളം നട്ടാൽ ഒരു അശ്വമേധയാഗത്തിന്റെ പുണ്യമാണെന്ന് പഴമക്കാർ പറയാറുണ്ട്. ശിവക്ഷേത്രങ്ങളിൽ അർച്ചനയ്‌ക്കും മാലയ്‌ക്കും ഉപയോഗിക്കുന്ന കൂവള മരത്തിന്റെ ഇലകൾക്ക് സനാതന സംസ്‌കാരത്തിൽ അത്രത്തോളം പ്രസ്‌കതിയുണ്ട്. ശിവദ്രുമം എന്നും ഈ പുണ്യ വൃക്ഷത്തിന് പേരുണ്ട്. കൂവളത്തിലയുടെ മൂന്നിതളുകൾ ശിവ ഭഗവാന്റെ കയ്യിൽ ഇരിക്കുന്ന ത്രിശൂലത്തെയാണ് സൂചിപ്പിക്കുന്നത്. കൂടാതെ ശിവഭഗവാന്റെ തൃക്കണ്ണാണ് എന്നും വിശ്വസിച്ചു പോരുന്നു. ബില്വാഷ്ടകം ജപിച്ചു കൂവളത്തില ശിവന് സമർപ്പിച്ചാൽ മോക്ഷം ലഭിക്കുമെന്നാണ് ഐതിഹ്യം.
ശിവക്ഷേത്രങ്ങളിൽ ഒഴിച്ചു കൂടാനാവാത്ത വൃക്ഷമാണ് കൂവളം. പതിമൂന്ന് മീറ്ററോളം ഉയരം വെക്കുന്ന കുറ്റിച്ചെടിയായോ ഇടത്തരം വലിപ്പം വയ്‌ക്കുന്ന മരമായോ ആണ് കൂവളം കാണുന്നത്. കൂവളത്തിലകൾ ക്ഷേത്രങ്ങളിൽ ഉപയോഗിക്കുമെന്ന് എല്ലാവർക്കും അറിയാം. എന്നാൽ മികച്ച ഔഷധം കൂടിയാണ് ഇതെന്ന കാര്യം പലർക്കും അറിയില്ല. കൂവളത്തിന്റെ ഇലയും, തൊലിയും, ഫലവും, വിത്തുകളും ആയുർവേദ മരുന്നുകളിൽ ഉപയോഗിക്കുന്നു. ചരക സംഹിതയിൽ കൂവളത്തിന്റെ ഔഷധ ഗുണങ്ങൾ പ്രതിപാദിച്ചിട്ടുണ്ട്്.
പ്രമേഹം, വാതം, കഫം, ഛർദ്ദി, ക്ഷയം, അതിസാരം എന്നിവയുടെ ചികിത്സക്കായി കൂവളം ഉപയോഗിച്ച് പോരുന്നു. കൂവളത്തിലയുടെ നീര് ചെവി വേദന, ചെവിയിൽ ഉണ്ടാകുന്ന പഴുപ്പ് എന്നിവക്ക് ഉത്തമ ഔഷധമാണ്. ദശമൂലാരിഷ്ടം , വില്വാദിലേഹ്യം എന്നിവയിൽ കൂവളം ചേർത്തിട്ടുണ്ട് .
വീടിന്റെ തെക്ക് വശത്തോ പടിഞ്ഞാറ് വശത്തോ കൂവളം നടുന്നതാണ് ഉത്തമം. പുണ്യവൃക്ഷമായി കരുതുന്നതിനാൽ സൂക്ഷ്മതയോടെ വേണം ഇവ വെക്കുന്നതും പരിപാലിക്കുന്നതും. ചിത്തിര നാളുകാരുടെ ജന്മവൃക്ഷം കൂടിയാണ് ഇത്. കൂവളത്തിന്റെ ശാഖകളിൽ കട്ടിയുള്ള മുള്ളുകൾ കാണാം. പച്ചകലർന്ന മഞ്ഞ നിറവും സുഗന്ധവും ഉള്ള പുഷ്പങ്ങളാണ് കൂവളത്തിൽ ഉണ്ടാകുന്നത്
















Comments