ആഗോളതലത്തിൽ 12,000 ജീവനക്കാരെ പിരിച്ചുവിട്ട് ഗൂഗിൾ. ഗൂഗിൾ സിഇഒ സുന്ദർ പിച്ചൈയുടെ പരസ്യ പ്രഖ്യാപനത്തിന് പിന്നാലെയാണ് യുഎസിൽ ആദ്യ ഘട്ട പിരിച്ചു വിടൽ ആരംഭിച്ചത്. ഇന്ത്യയിലെ ജീവനക്കാർക്കും പിരിച്ചുവിടലിന്റെ ഭാഗമായി കത്തുകൾ ലഭിച്ചുവെന്ന റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ഇന്ത്യയിൽ നിന്നുള്ള 453 ജീവനക്കാരെ ഗൂഗിൾ പിരിച്ചിവിട്ടതായാണ് റിപ്പോർട്ട്. ഗുരുഗ്രാം, ബെംഗളൂരു, ഹൈദരാബാദ് എന്നിവിടങ്ങളിലെ ഓഫീസുകളിൽ പ്രവർത്തിക്കുന്ന ജീവനക്കാരെയാണ് പിരിച്ചു വിട്ടത്.
അപ്രതീക്ഷിത പിരിച്ചുവിടൽ ജീവനക്കാർ ലിങ്ക്ഡ് ഇനിലൂടെയാണ് അറിയിച്ചത്. ഇന്ത്യയിലെ ഗൂഗിൾ ജീവനക്കാരായ രജനീഷ് കൂമാർ, കമൽ ദേവ് എന്നിവരുൾപ്പടെ നിരവധി പേർ പിരിച്ചുവിടലിനെക്കുറിച്ച് സമൂഹമാദ്ധ്യമത്തിലൂടെ വിയോജിപ്പ് പ്രകടിപ്പിച്ചിരുന്നു.
ഉൽപാദന മേഖലകളിലെ അവലോകനത്തിന്റെ പശ്ചാത്തലത്തിലാണ് തീരുമാനമെന്നാണ് ഗൂഗിൾ സിഇഒ അറിയിച്ചത്. കൊറോണ മഹാമാരിയോടനുബന്ധിച്ചുള്ള രണ്ട് വർഷക്കാലം കമ്പനിയിൽ അധിക ജീവനക്കാരുള്ളതിനാലാണ് പിരിച്ചുവിടലെന്ന് ഗൂഗിൾ അറിയിച്ചു. കമ്പനിയുടെ സാമ്പത്തിക പ്രതിസന്ധിയും കാരണമാമെന്ന് ഗൂഗിൾ പ്രസ്താവിച്ചിരുന്നു. എന്നാൽ സിഇഒ അയച്ച മെയിലിൽ പിരിച്ചുവിടലിന് വിധേയരായ ജീവനക്കാർക്ക് നൽകാനുദ്ദേശിക്കുന്ന ആനുകൂല്യങ്ങളും പ്രതിപാദിച്ചിരുന്നു.
ഗൂഗിളിന് പുറമേ ആമസോൺ, മെറ്റാ, ട്വിറ്റർ, ലിങ്ക്ഡ് ഇൻ തുടങ്ങിയ വൻകിട കമ്പനികളും ആഗോള തലത്തിൽ ആയിരക്കണക്കിന് ജീവനക്കാരെ പിരിച്ചുവിട്ടു. ആപ്പിളിൽ മാത്രമാണ് ഇതുവരെ കൂട്ടപ്പിരിച്ചുവിടൽ നടക്കാത്തത്.
Comments