അക്ഷയ് കുമാർ നായകനാകുന്ന പുതിയ ചിത്രത്തിന്റെ ലൊക്കേഷനിൽ പുള്ളിപ്പുലി ആക്രമണം. അക്ഷയ് കുമാറും ടൈഗര്‍ ഷ്‌റോഫും ഒന്നിക്കുന്ന ‘ബഡേ മിയാന്‍ ഛോട്ടേ മിയാന്‍’ എന്ന ചിത്രത്തിന്റെ ലൊക്കേഷന് സമീപമാണ് പുള്ളിപ്പുലി കയറിയത്. സിനിമയിലെ മേക്കപ്പ് ആര്‍ട്ടിസ്റ്റിന് പരിക്കേറ്റു. മുംബൈ ഫിലിം സിറ്റിയുടെ പരിസരത്താണ് സംഭവം.
പുലിയുടെ ആക്രമണത്തില്‍ 27-കാരനായ ശ്രാവണ്‍ വിശ്വകുമാർ എന്ന മേക്കപ്പ് ആര്‍ട്ടിസ്റ്റിനാണ് പരിക്കേറ്റത്. നിലവില്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ശ്രാവണിന്റെ ചികിത്സാ ചിലവുകള്‍ നിര്‍മാണ കമ്പനി വഹിക്കും. ഷൂട്ടിംഗ് സെറ്റില്‍ നിന്നും സുഹൃത്തിനെ മറ്റൊരിടത്ത് കൊണ്ടുവിട്ടിട്ട് തിരികെ വരുന്ന വഴിയാണ് ശ്രാവണിനെ പുലി ആക്രമിക്കുന്നത്.
12 വര്‍ഷമായി സിനിമ മേഖലയില്‍ പ്രവര്‍ത്തിക്കുന്നയാളാണ് ശ്രാവണ്‍ വിശ്വകുമാര്‍. സംഭവത്തില്‍ പ്രതിഷേധം രേഖപ്പെടുത്തി ഓള്‍ ഇന്ത്യ സിനി വര്‍ക്കേഴ്സ് പ്രസിഡന്റ് ശ്യാംലാല്‍ ഗുപ്ത രംഗത്തെത്തിയിട്ടുണ്ട്. 100 ഏക്കര്‍ ചുറ്റളവില്‍ സ്ഥിതി ചെയ്യുന്ന മുംബൈയിലെ ഫിലിംസിറ്റിയുടെ പരിസരത്ത് ഇത്തരം സംഭവങ്ങള്‍ നിരവധി തവണ നടന്നിട്ടുണ്ടെന്നും പുള്ളിപ്പുലിയില്‍ നിന്നും സുരക്ഷ ഒരുക്കുന്നതിനായി വേണ്ട നടപടികള്‍ സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Comments