തിരുവനന്തപുരം: ആധുനിക കൃഷി രീതി പഠിക്കാൻ ഇസ്രയേലിലേക്ക് സർക്കാർ അയച്ച കർഷകനെ കാണാതായ സംഭവത്തിൽ പ്രതികരിച്ച് കൃഷിമന്ത്രി പി.പ്രസാദ്. കർഷകൻ ബോധപൂർവം തന്നെ മുങ്ങിയതാണെന്ന് പി.പ്രസാദ് പറഞ്ഞു. താൻ സുരക്ഷിതനാണെന്ന് ബിജു ഭാര്യക്ക് മെസേജ് അയച്ചിട്ടുണ്ടെന്നും, തന്നെ അന്വേഷിക്കണ്ടെന്നും ബിജു ഭാര്യയോട് പറഞ്ഞുവെന്നും കൃഷിമന്ത്രി അറിയിച്ചു.
‘വകുപ്പ് സംഘത്തിനൊപ്പം കേരളത്തിൽ നിന്ന് ഇസ്രായേലിൽ പോയി കാണാതായ ബിജു കുര്യൻ കുടുംബവുമായി ബന്ധപ്പെട്ടു. സഹോദരനുമായി ഫോണിൽ സംസാരിച്ചു. ബിജുവിന് അപകടം ഒന്നും സംഭവിച്ചിട്ടില്ല. എംബസിയിലും പോലീസിലും പരാതി നൽകിയിട്ടുണ്ട്. ബിജുവിനെതിരെ നിയമനടപടി ആലോചിക്കും’-പി.പ്രസാദ് വ്യക്തമാക്കി. ബിജു കുര്യന്റെ കുടുംബം ക്ഷമ ചോദിച്ചുവെന്നും മന്ത്രി കൂട്ടിച്ചേർത്തു.
കണ്ണൂർ ഇരിട്ടി സ്വദേശിയാണ് ബിജു കുര്യൻ. ഇയാളടക്കം 27 കർഷകരും കൃഷി വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ബി.അശോകുമാണ് ഈ മാസം 12 ന് ഇസ്രയേലിലേക്ക് പോയത്. കഴിഞ്ഞ വെള്ളിയാഴ്ച രാത്രി മുതലാണ് ബിജു കുര്യനെ കാണാതായത്. എംബസിയിലും ഇസ്രയേൽ പോലീസിലും പ്രിൻസിപ്പൽ സെക്രട്ടറി ബി.അശോക് പരാതി നൽകി. അതിനുശേഷം സംഘം നാട്ടിലേക്ക് തിരിക്കുകയായിരുന്നു.
Comments