തിരുവനന്തപുരം∙ വന്യജീവി സങ്കേതങ്ങളുടെ പരിസരത്തുനിന്നും പോത്തുകളെ ഒഴിവാക്കും. കടുവയെയും പുലിയെയും പോലുള്ള വന്യമൃഗങ്ങൾ നാട്ടിലേയ്‌ക്ക് ഇറങ്ങാൻ കാരണമാകും എന്ന് കണ്ടെത്തിയതിനെ തുടർന്നാണ് വനം വകുപ്പിന്റെ നീക്കം. വളർത്തുന്നതിനായി വനവാസികളുടെ കൈവശം പോത്തുകളെ ഇടനിലക്കാർ കൈമാറ്റം ചെയ്യാറുണ്ട്. ഇതര സംസ്ഥാനത്തു നിന്നാണ് പോത്തുകളെ കൊണ്ടു വരുന്നത്.
വനപ്രദേശങ്ങളിൽ പ്രവേശിച്ച പോത്തുകളെ പിടി കൂടാൻ വനം വകുപ്പ് നിർദ്ദേശം നൽകിയിട്ടുണ്ട്. ഈ പോത്തുകൾ തങ്ങളുടെ സ്വന്തമാണെന്ന് തെളിയിക്കാൻ ഉടമകൾക്ക് ഒരാഴ്ച സമയം അനുവദിക്കും. പിഴ ഈടാക്കിയായിരിക്കും പോത്തുകളെ ഉടമകൾക്ക് വിട്ടു നൽകുക. ഉടമകൾ എത്തിയില്ലെങ്കിൽ പോത്തുകളെ ലേലം ചെയ്തു വിൽക്കാനാണ് തീരുമാനം.
ഇതിന്റെ പേരിൽ കന്നുകാലി വളർത്തൽ ഉപജീവനമാക്കിയ കർഷകരെ ബുദ്ധിമുട്ടിക്കില്ല എന്ന് വനം വകുപ്പ് അറിയിക്കുന്നു. തീരുമാനം സംബന്ധിച്ച് റിപ്പോർട്ട് നൽകാൻ ചീഫ് വൈൽഡ് ലൈഫ് വാർഡൻ ഗംഗാ സിംഗിന് വനം മന്ത്രി എ.കെ ശശീന്ദ്രൻ നിർദ്ദേശം നൽകിയിട്ടുണ്ട്. വയനാട് വന്യജീവി സങ്കേതത്തിന് പരിസരത്ത് മാത്രം ഏകദേശം 25,000 പോത്തുകളുണ്ടെന്നാണ് വനം വകുപ്പിന്റെ റിപ്പോർട്ടിൽ പറയുന്നത്.
















Comments