ന്യൂഡൽഹി: നാഗാലാൻഡിൽ വികസനമെത്തിയത് ബിജെപി ഭരണത്തിലെന്ന് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ. നാഗാലാൻഡ് സുരുഹുതോ നിയമസഭാസീറ്റിലേക്കുള്ള തിരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർഥി എച്ച്. ഖെഹോവിക്ക് വേണ്ടി നടത്തിയ പ്രചാരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
നാഗാലാൻഡിൽ കഴിഞ്ഞ ആറ് പതിറ്റാണ്ടുകളെക്കാൾ കൂടുതൽ വികസനം എത്തിയത് ഇപ്പോൾ, ബിജെപി ഭരിക്കുമ്പോഴാണ്. പുരോഗതിയും സമാധാനവും വികസനവും നിക്ഷേപവും തുടരാനാണ് ബി.ജെ.പി.-എൻ.ഡി.പി.പി. സഖ്യം ആഗ്രഹിക്കുന്നത്. അടിസ്ഥാനസൗകര്യം, റോഡുകൾ, ആശുപത്രികൾ, ആരോഗ്യ സംരക്ഷണകേന്ദ്രങ്ങൾ എന്നിവയിൽ കൂടുതൽ നിക്ഷേപം നടത്തുന്നതിലൂടെ ഇത് യാഥാർഥ്യമാകുമെന്ന് രാജീവ് ചന്ദ്രശേഖർ പറഞ്ഞു. 2022-23 കാലയളവിൽ ഇത് നാലാംതവണയാണ് കേന്ദ്രമന്ത്രി നാഗാലാൻഡ് സന്ദർശിക്കുന്നത്.
ഗ്രാമത്തിലെ മുതിർന്ന പൗരന്മാരുമായും പാർട്ടി പ്രവർത്തകരുമായും അദ്ദേഹം സംസാരിച്ചു. പിന്നീട് സുമി ഗോത്രനർത്തകർക്കൊപ്പം അൽപ്പം ചുവടുകൾ വെക്കുകയും ചെയ്തു. അതേസമയം കേന്ദ്രമന്ത്രിമാരായ കിരൺ റിജിജു, സർബാനന്ദ സോനോവൾ, ബിജെപി ദേശീയ ജനറൽ സെക്രട്ടറി ബിഎൽ സന്തോഷ് എന്നിവരുൾപ്പെടെയുള്ള ബിജെപി നേതാക്കൾ നാഗാലാൻഡിൽ പ്രചാരണം നടത്തും. ഫെബ്രുവരി 24-നാണ് ഇവർ പ്രചാരണത്തിനായി എത്തുന്നത്. ഈ വർഷം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഒമ്പത് സംസ്ഥാനങ്ങളിൽ ഒന്നാണ് വടക്ക് കിഴക്കൻ സംസ്ഥാനമായ നാഗാലാൻഡ്. ഫെബ്രുവരി 27-നാണ് ഇവിടെ തിരഞ്ഞെടുപ്പ്.
Comments