തിരുവനന്തപുരം: കേരളീയ പൊതു സമൂഹത്തെ ഒന്നടങ്കം ഉണർത്തിയ ജനം ടിവിയുടെ ലഹരി വിരുദ്ധ പ്രചരണ പരിപാടി ‘ഒരുമിക്കാം നമ്മുടെ മക്കൾക്കായി’ യുടെ രണ്ടാം ഭാഗത്തിന് ഇന്ന് തുടക്കം കുറിക്കും. തിരുവനന്തപുരം പോത്തൻകോട് ലക്ഷ്മി വിലാസം ഹൈസ്‌കൂളിലെ ടാൽറോപ്പ് ടെക്കീസ് പാർക്കിൽ ഇന്ന് വൈകുന്നേരം മൂന്നുമണിക്ക് നടക്കുന്ന ഉദ്ഘാടന ചടങ്ങ് നടക്കും. പരിപാടിയിൽ മുൻ ഡിജിപി ടിപി സെൻകുമാർ മുഖ്യാതിഥിയായി പങ്കെടുക്കും. ടാൽറോപ്പ് ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ സഫീർ നജിമുദ്ദീൻ, സാമൂഹ്യപ്രവർത്തകൻ ശ്രീമൻ നാരായണൻ, ജനം ടിവി സിഒഒ ഗിരീഷ് സി മേനോൻ, എക്‌സൈസ് എൻഫോഴ്‌സ്‌മെന്റ് & ആന്റി നാർക്കോട്ടിക് സ്‌പെഷൽ സ്‌ക്വാഡ് സർക്കിൾ ഇൻസ്‌പെക്ടർ ഷിബു ബി.എൽ, ജനം ടിവി പ്രോഗ്രാംസ് ആൻഡ് കറൻറ് അഫയേഴ്‌സ് വിഭാഗം മേധാവി അനിൽ നമ്പ്യാർ, ലക്ഷ്മി വിലാസം സ്‌കൂൾ മാനേജർ പ്രവീൺകുമാർ എന്നിവർ ചടങ്ങിൽ പങ്കെടുക്കും.
‘ഒരുമിക്കാം നമ്മുടെ മക്കൾക്കായി’ ക്യാമ്പൈനിന്റെ ഒന്നാം ഘട്ടത്തിന് ലഭിച്ച സ്വീകാര്യതയാണ് രണ്ടാം ഘട്ട പ്രവർത്തനങ്ങളുമായി മുന്നോട്ടുപോകാൻ ജനം ടീമിന് പ്രചോദനം നൽകുന്നതെന്ന് ജനം ടിവി സിഒഒ ഗിരീഷ് സി.മേനോൻ പറഞ്ഞു. പ്രമുഖർ ജനം ടിവിയുടെ വേദിയിൽ വന്ന് നൽകിയ സന്ദേശങ്ങൾ സാമൂഹമാദ്ധ്യമങ്ങളിൽ തരംഗമായി. ഒന്നാം ഘട്ടം പിന്നിട്ടപ്പോൾ ക്യാമ്പൈൻ വീണ്ടും തുടരണമെന്ന് ആവശ്യപ്പെട്ട് നിരവധിപേർ സമീപിച്ചു. സംസ്ഥാനത്തെ വിവിധ ഭാഗത്ത് നിന്നുള്ള സ്‌കൂളുകൾ തങ്ങളെയും ക്യാമ്പൈന്റെ ഭാഗമാക്കണമെന്ന് ആവശ്യപ്പെട്ട് മുന്നോട്ടുവന്നു. ഇക്കാര്യങ്ങൾ പരിഗണിച്ചാണ് ‘ഒരുമിക്കാം നമ്മുടെ മക്കൾക്കായി-രണ്ടാം ഭാഗം’ ആരംഭിക്കാൻ ജനം ടിവി തീരുമാനിച്ചതെന്നും ഗിരീഷ് സി മേനോൻ പറഞ്ഞു. ജനം ടിവി ആരംഭിച്ച ഉദ്യമം ഇരുകൈയുംനീട്ടി സ്വീകരിച്ചതിന് പ്രേക്ഷകരോട് നന്ദി പറയുന്നതായി ജനം ടിവി പ്രോഗ്രാംസ് ആൻഡ് കറൻറ് അഫയേഴ്‌സ് വിഭാഗം മേധാവി അനിൽ നമ്പ്യാർ അറിയിച്ചു.
ഒന്നാം ഘട്ടത്തിൽ സംസ്ഥാനത്തെ 26 വിദ്യാലയങ്ങളിലാണ് ജനം ടിവി സംഘം നേരിട്ടെത്തി പോലീസ് എക്‌സൈസ് മാനസികാരോഗ്യ രംഗത്തെ പ്രമുഖരുടെ സഹായത്തോടെ വിദ്യാർത്ഥികളെ ബോധവത്കരിച്ചത്. ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ, മന്ത്രി ആന്റണി രാജു, മുരുകൻ കാട്ടാക്കട, ടി. സിദ്ദിഖ് എംഎൽഎ, ഡോ. അരുൺ, തുടങ്ങീ നിരവധിപേർ ക്യാമ്പൈന്റെ ഭാഗമായി.
ക്യാമ്പൈനിന്റെ രണ്ടാം ഘട്ടത്തിന്റെ ഭാഗമായി ലഹരിക്കെതിരായ ഷോർട്ട് ഫിലിം മത്സരവും സംഘടിപ്പിക്കുന്നുണ്ട്. എട്ട് മുതൽ പന്ത്രണ്ടാം ക്ലാസ്സ് വരെയുള്ള വിദ്യാർത്ഥികൾക്കാണ് പങ്കെടുക്കാൻ അവസരം. ലഹരി വിരുദ്ധ പ്രമേയം ഉള്ളടക്കമാക്കിയുള്ള പരമാവധി 8 മിനിറ്റ് ദൈർഘ്യമേറിയ ഹ്രസ്വചിത്രങ്ങളാണ് ക്ഷണിക്കുന്നത്. വിദ്യാർത്ഥികൾക്ക് മൊബൈൽ ഫോൺ ഉപയോഗിച്ചും അല്ലാതെയും ഷോർട്ട് ഫിലിം നിർമ്മിക്കാം. പൂർണ്ണമായും വിദ്യാർത്ഥികളുടെ പങ്കാളിത്തമുള്ള സൃഷ്ടികളാണ് ക്ഷണിക്കുന്നത്. അര ലക്ഷം രൂപയാണ് മത്സരത്തിൽ ഒന്നാം സ്ഥാനത്തെത്തുന്ന വിജയിക്ക് ലഭിക്കുന്ന സമ്മാനം.
Comments