ഇന്ത്യൻ വിപ്ലവങ്ങളുടെ രാജകുമാരൻ, വിനായക് ദാമോദർ സവർക്കർ എന്ന വീര സവർക്കറിന്റെ 57-ാം സ്മൃതി ദിനം ഇന്ന്. അഹിംസാ മാർഗ്ഗത്തിലൂടെ ഭാരതാംബയുടെ മോചനം സാധ്യമാകില്ല എന്ന് വിശ്വസിച്ചിരുന്ന, സായുധ വിപ്ലവം മാത്രമാണ് അതിനുള്ള ഏക മാർഗ്ഗം എന്നു വിശ്വസിച്ചിരുന്ന ഒരാളായിരുന്നു സവർക്കർ. ഇന്ത്യയുടെ ലക്ഷ്യം പൂർണ്ണമായ രാഷ്‌ട്രീയ സ്വാതന്ത്ര്യമാണെന്ന് 1900 ൽ ആദ്യമായി സധൈര്യം പ്രഖ്യാപിച്ച രാഷ്‌ട്രീയ നേതാവാണ് അദ്ദേഹം. കോളേജ് വിദ്യാഭ്യാസ കാലത്ത് ലോകമാന്യ തിലകന്റെ നിർദ്ദേശാനുസരണം വിദേശ വസ്തുക്കൾ ബഹിഷ്‌കരിക്കുക എന്ന നയത്തിന്റെ ഭാഗമായി ആദ്യമായി വിദേശ വസ്ത്രങ്ങൾ കത്തിച്ചു കൊണ്ട് പ്രതിഷേധം ആരംഭിച്ചത് സവർക്കർ ആയിരുന്നു.
ചരിത്രകാരൻ, വൈജ്ഞാനികൻ, കവി, കഥാകൃത്ത്, രാഷ്‌ട്രീയ പ്രവർത്തകൻ എന്നീ നിലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച അദ്ദേഹം ജീവിതത്തിൽ രണ്ട് തവണ നാടുകടത്തപ്പെട്ട ലോകത്തിലെ ആദ്യത്തെ രാഷ്‌ട്രീയ തടവുകാരൻ കൂടിയാണ്. പ്രകാശനം ചെയ്യപ്പെടും മുമ്പ് നിരോധിക്കപ്പെട്ട, 1857 ലെ ഇന്ത്യൻ സാതന്ത്ര്യ സമരത്തെ കുറിച്ച് പുസ്തകമെഴുതിയ ആദ്യ ഇന്ത്യൻ ചരിത്രകാരനാണ് സവർക്കർ. അതുവരെ ശിപ്പായി ലഹള എന്ന് വിളിച്ച് ബ്രിട്ടീഷുകാർ പരിഹസിച്ചിരുന്ന മഹത്തായ ഇന്ത്യയുടെ ഒന്നാം സ്വാതന്ത്ര്യസമരത്തിന് ആ പേര് നൽകിയതും സവർക്കറായിരുന്നു. ഇംഗ്ലണ്ടിൽ വിദ്യാഭ്യാസം പൂർത്തിയാക്കുന്ന കാളനിവാസികളായ മുഴുവൻ വിദ്യാർഥികളും എടുക്കേണ്ടതായിരുന്ന ‘ഓത് ഓഫ് അലീജിയൻസ്’ എന്ന പ്രതിജ്ഞയെടുക്കാൻ വിസമ്മതിച്ചതിന്റെ പേരിൽ ഡിഗ്രിയും ബാരിസ്റ്റെർ പദവിയും നിഷേധിക്കപ്പെട്ട ആദ്യ ഇന്ത്യൻ നിയമ വിദ്യാർത്ഥിയാണ് സവർക്കർ. സ്വാതന്ത്ര്യ സമരത്തിലേക്കിറങ്ങിയത് കാരണം ഒരു ഇന്ത്യൻ യൂണിവേഴ്സിറ്റി ബിരുദം പിൻവലിച്ച ആദ്യ ബിരുദധാരിയാണ് സവർക്കർ. തൊട്ടു കൂടായ്മക്ക് അന്ത്യം കുറിച്ച ആദ്യ ഇന്ത്യൻ സാമൂഹിക പരിഷ്‌കർത്താവു കൂടിയാണ് അദ്ദേഹം. അതിനു വേണ്ടി മഹാരാഷ്‌ട്രയിൽ എല്ലാ ഹിന്ദുക്കൾക്കും പ്രാർത്ഥിക്കാൻ വേണ്ടി ക്ഷേത്രം വരെ നിർമ്മിച്ചു.
1883 ൽ മഹാരാഷ്‌ട്ര സംസ്ഥാനത്തെ നാസിക് ജില്ലയിലെ ഭാഗൂരിലാണ് സവർക്കർ ജനിച്ചത്. 1892-ൽ വിനായകിന് ഏകദേശം ഒമ്പതു വയസ്സുള്ളപ്പോൾ മാതാവ് മരണമടഞ്ഞു. 1899ൽ പിതാവും മരണമടഞ്ഞതോടെ ജ്യേഷ്ഠസഹോദരനായ ഗണേഷ് ആണ് അദ്ദേഹത്തെ വളർത്തിയത്. നാസിക്കിലും പുനെയിലുമായി അദ്ദേഹം വിദ്യാഭ്യാസം പൂർത്തിയാക്കി. പുനെയിലെ പഠനകാലത്തായിരുന്നു അദ്ദേഹം ബാലഗംഗാധര തിലകിനെ പരിചയപ്പെടുന്നത്. ഇത് അദ്ദേഹത്തിന്റെ ജീവിതത്തിൽ വലിയോരു വഴിത്തിരിവായി.
1909 ജൂലൈ 1ന് സുഹൃത്തായ മദൻ ലാൽ ധിംഗ്ര ബ്രിട്ടീഷ് ഓഫീസറായ കഴ്സൺ വൈലിയെ വധിച്ചതോടെയാണ് സവർക്കർ നിരീക്ഷണത്തിലായത്. ഡിസംബർ 21 ന് സവർക്കറുടെ അഭിനവ് ഭാരതിലെ അംഗങ്ങൾ നാസിക് കളക്റ്റർ ആയിരുന്ന എ എം റ്റി ജാക്സണെ കൂടി വധിച്ചതോടെ സവർക്കറെ അറസ്റ്റ് ചെയ്യാനും ഇന്ത്യയിലെത്തിച്ച് വിചാരണ നടത്തുവാനും ബ്രിട്ടീഷ് പോലീസ് തീരുമാനിച്ചു. ബ്രിട്ടീഷ് സാമ്രാജ്യ വിരുദ്ധ പ്രവർത്തനം നടത്തിയെന്ന കുറ്റം ചുമത്തി അദ്ദേഹത്തെ അറസ്റ്റ് ചെയ്യുകയും ഭാരതത്തിലേയ്‌ക്ക് അയക്കാൻ ലണ്ടൻ കോടതി തീരുമാനിക്കുകയും ചെയ്തു. ഇന്ത്യയിലേക്ക് കൊണ്ടു വന്നിരുന്ന കപ്പൽ മർസെലീസിൽ നങ്കൂരമിട്ടപ്പോൾ സവർക്കർ കടലിൽ ചാടി തീരത്തേക്ക് നീന്തി രക്ഷപ്പെട്ടെങ്കിലും അദ്ദേഹം പിടിക്കപ്പെടുകയും തുടർന്ന് ചുമത്തപ്പെട്ട അനേകം കേസുകളുടെ പേരിൽ അദ്ദേഹത്തിന് അമ്പതു വർഷത്തെ ജയിൽ ശിക്ഷ വിധിക്കുകയും ക്രൂരതക്ക് പേര് കേട്ട ആൻഡമാനിലെ സെല്ലുലാർ ജയിലിലേക്ക് അയക്കുകയും ചെയ്തു.
1921ൽ സവർക്കർ നിബന്ധനകളോടെ ജയിൽ മോചിതനായെങ്കിലും അദ്ദേഹം വീട്ടു തടങ്കലിൽ ആയിരുന്നു. പിന്നിട് രത്നഗിരിക്ക് പുറത്ത് പോകാനോ, പൊതുയോഗങ്ങളിൽ പങ്കെടുക്കുവാനോ പാടില്ല എന്നാക്കി നിബന്ധന ആ ചുരുക്കി.
ഇന്ദിരാ ഗാന്ധി പ്രധാനമന്ത്രിയായിരിക്കെ, 1970 ജൂൺ 28 നു സവർക്കറുടെ പേരിൽ സ്റ്റാമ്പ് പുറത്തിറക്കിയപ്പോൾ സവർക്കറെന്ന ധീര ദേശാഭിമാനിയുടെ ജീവിതത്തെ അറിയാൻ 30 ലക്ഷം വിവരണ പത്രിക കൂടി അച്ചടിച്ചു രാജ്യത്ത് വിതരണം ചെയ്തിരുന്നു. ദീർഘമായ ആ വിവരണ പത്രിക അവസാനിക്കുന്നത് ഇങ്ങിനെയാണ്.
‘അദ്ദേഹത്തിന്റെ ഓർമ്മ രാജ്യ സ്‌നേഹികളുടെ ഹൃദയത്തിലെന്നും പച്ചപിടിച്ചു നിൽക്കും. ആ തലമുറയിലെ മഹാത്മാക്കളുടെ ഗണത്തിൽ രാജ്യമുള്ള കാലത്തോളം അദ്ദേഹം ഗണിക്കപ്പെടും’ എന്നായിരുന്നു.
1966 ഫെബ്രുവരി 26-ന് തന്റെ 83ആം വയസ്സിൽ അദ്ദേഹം ദേഹവിയോഗം ചെയ്തു.
Comments