‘പുഴ മുതൽ പുഴ വരെ’ പോലെ ഒരു സിനിമ ലോകത്ത് ആദ്യമാണെന്ന് സംവിധായകൻ രാമസിംഹൻ. ജനങ്ങൾ പണം നൽകി മുന്നോട്ട് വരികയും ജനങ്ങൾ നിർമ്മിക്കുകയും ജനങ്ങൾ തന്നെ പ്രചാരണം നടത്തി തിയറ്ററുകളിൽ എത്തിക്കുകയും ചെയ്യുന്ന ലോകത്തിലെ ആദ്യത്തെ സിനിമയാണ് പുഴ മുതൽ പുഴ വരെ. സംവിധായകൻ എന്ന നിലയിൽ തന്റെ ധർമ്മം നിർവഹിച്ചെന്നും ഇനി ജനങ്ങളാണ് ചിത്രത്തെ ഏറ്റെടുക്കേണ്ടതെന്നും രാമസിഹംൻ പറഞ്ഞു. മാർച്ച് 3-നാണ് ചിത്രം തിയറ്ററുകളിൽ റിലീസ് ചെയ്യുന്നത്.
‘മൂടി വച്ച ഒരു ചരിത്രത്തെ പുറത്തു കൊണ്ടുവരാൻ വേണ്ടി നല്ലവരായ മനുഷ്യർ ഒത്തുചേർന്ന് കൊണ്ടാണ് സിനിമയ്‌ക്ക് പണം നൽകിയത്. ജാതിക്കും മതത്തിനും രാഷ്‌ട്രീയത്തിനുമപ്പുറം പലരും ചിത്രത്തിന് വേണ്ടി പണം നൽകിയിട്ടുണ്ട്. കേരളത്തിന്റെ പല ഭാഗത്തും സിനിമയുടെ പ്രചാരണത്തിന്റെ ഭാഗമായി എത്തും. എല്ലാവരും തിയറ്ററിലെത്തി സിനിമ കാണണം. ധനസഹായം നൽകിയവർ ആദ്യം തന്നെ ചിത്രം കാണണം. താൻ നൽകിയ പണം പാഴായി പോയിട്ടില്ല എന്ന് അവർക്ക് വിശ്വാസം വരണം. എല്ലാം നന്നായി തന്നെ വന്നിട്ടുണ്ട് എന്നാണ് എന്റെ വിശ്വാസം. എന്റെ ധർമ്മം ഞാൻ നിർവഹിച്ചിട്ടുണ്ട്. വലിയ ഒരു ദൗത്യം ചെറിയ തുക കൊണ്ടാണ് നമ്മൾ ചെയ്തിരിക്കുന്നത്. സിനിമ കണ്ടു കഴിയുമ്പോൾ ഹൃദയത്തിൽ തട്ടിയ ഒരു വേദനയോടെയല്ലാതെ ആർക്കും തിയറ്റർ വിട്ടു പുറത്ത് വരാൻ സാധിക്കില്ല’ എന്ന് രാമസിംഹൻ പറഞ്ഞു.
മലബാറിൽ നടന്ന ഹിന്ദു വംശഹത്യയിൽ കൊല്ലപ്പെട്ട അറിയപ്പെടാത്ത നൂറുകണക്കിന് നിസ്സഹായരുടെ ജീവിതമാണ് ‘പുഴ മുതൽ പുഴ വരെ’ എന്ന ചിത്രം പ്രേക്ഷകരിലേയ്‌ക്ക് എത്തിക്കുന്നത്. മമധര്‍മ്മ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സിനിമയുടെ തിരക്കഥ, സംവിധാനം, ഗാനരചന, എഡിറ്റിംഗ് എന്നിവ എല്ലാം നിര്‍വ്വഹിച്ചിരിക്കുന്നത് രാമസിംഹൻ തന്നെയാണ്. തലൈവാസല്‍ വിജയ്, ജോയ് മാത്യു, ആര്‍.എല്‍.വി. രാമകൃഷ്ണന്‍ എന്നിവരാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നത്. വാരിയന്‍കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ വേഷത്തിലാണ് തലൈവാസല്‍ വിജയ് എത്തുന്നത്.
















Comments