തിരുവനന്തപുരം: വടക്കാഞ്ചേരി ലൈഫ് മിഷൻ കോഴക്കേസിൽ മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സിഎം രവീന്ദ്രൻ ഇഡിയ്‌ക്ക് മുന്നിൽ ഹാജരാകില്ല. കൊച്ചിയിലെ ഇഡി ഓഫീസിൽ രാവിലെ പത്തിന് ഹാജരാകാനാണ് നോട്ടീസ് നൽകിയിരുന്നത്.
ഇന്ന് നിയമസഭാ സമ്മേളനം ആരംഭിക്കുന്ന സാഹചര്യത്തിൽ ഔദ്യോഗിക ചുമതലകൾ ഉള്ളതിനാൽ ഹാജരാകാനാവില്ലെന്നാണ് അദ്ദേഹം ഇഡിയെ അറിയിച്ചത്. നിയമസഭാസമ്മേളനം ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിയുടെ സ്റ്റാഫിന് ഹാജരാകാതിരിക്കാൻ കഴിയുമോയെന്ന കാര്യത്തിൽ ഇഡി നിയമേപദേശം തേടിയേക്കും.നേരത്തെ 2020 ഡിസംബറിൽ സ്വർണക്കടത്ത് കേസിൽ രവീന്ദ്രന് നോട്ടീസ് നൽകിയിരുന്നെങ്കിലും വിവിധ കാര്യങ്ങൾ പറഞ്ഞ് ഹാജരായിരുന്നില്ല. ഇന്ന് ഹാജരാകാത്ത സാഹചര്യത്തിൽ വീണ്ടും നോട്ടീസ് നൽകും. മൂന്ന് തവണ നോട്ടീസ് നൽകിയിട്ടും ഹാജരായില്ലെങ്കിൽ അറസ്റ്റ് ചെയ്യാൻ ഇഡിയ്‌ക്ക് അധികാരമുണ്ട്.ഇത്തരം നടപടികളിലേക്ക് ഇഡി നീങ്ങനാണ് സാദ്ധ്യത.
മൂന്ന് കോടി 38 ലക്ഷം രൂപയുടെ കോഴ ഇടപാട് കരാറിന്റെ മറവിൽ ഉണ്ടായതെന്നും ഈ കള്ളപ്പണം ഗൂഢാലോചനയിൽ പങ്കാളികളായവർക്ക് ലഭിച്ചെന്നുമാണ് ഇഡിയുടെ കണ്ടെത്തൽ. ടെന്ററില്ലാതെ ലൈഫ് മിഷൻ പദ്ധതിയുടെ കരാർ ലഭിക്കാൻ കോടികൾ കമ്മീഷൻ നൽകിയെന്ന് യൂണിടാക് ഉടമ സന്തോഷ് ഈപ്പനും മൊഴിനൽകിയിട്ടുണ്ട്. കരാറുമായി ബന്ധപ്പെട്ട എല്ലാ ഇടപാടും സിഎം രവീന്ദ്രന്റെ കൂടി അറിവോടെയാണ് നടന്നതെന്ന് സ്വപ്നയും മൊഴി നൽകിയിരുന്നു. എന്നാൽ കോഴ നൽകിയെന്ന് വെളിപ്പെടുത്തിയ സ്വപ്ന സുരേഷുമായി ബന്ധമില്ലെന്ന നിലപാടിലാണ് സിഎം രവീന്ദ്രൻ. രവീന്ദ്രനും സ്വപ്നയും തമ്മിലുള്ള വാട്ട്സ്ആപ്പ് വഴി നടത്തിയ സംഭാഷണങ്ങൾ അന്വേഷണസംഘം ശേഖരിച്ചിട്ടുണ്ട്.
















Comments