ബെംഗളൂരു: 80-ാം ജന്മദിനം ആഘോഷിക്കുന്ന യെദ്യൂരപ്പക്ക് ആശംസക്ൾ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ശിവമോഗ്ഗ വിമാനത്താവളം ഉദ്ഘാടനം ചെയ്യാൻ എത്തിയ പ്രധാനമന്ത്രി ജനങ്ങളോട് മൊബൈൽ ഫോണിലെ ഫ്ലാഷ് ലൈറ്റുകൾ തെളിയിച്ചാണ് ആശംസ അറിയിക്കാൻ ആവശ്യപ്പെട്ടത്.
ഇന്ന് മുൻ മുഖ്യമന്ത്രിയുടെ ജന്മദിനമാണ്. അദ്ദേഹത്തിന്റെ ദീർഘായുസിനായി ഞാൻ പ്രാർത്ഥിക്കുന്നു. പാവപ്പെട്ടവർക്കും കർഷകരുടെ ക്ഷേമത്തിനും വേണ്ടി അദ്ദേഹം തന്റെ ജീവിതം സമർപ്പിച്ചു. കഴിഞ്ഞയാഴ്ച കർണാടക നിയമസഭയിൽ അദ്ദേഹം നടത്തിയ പ്രസംഗം എല്ലാവർക്കും പ്രചോദനമായിരുന്നു. വിജയത്തിന്റെ പുതിയ ഉയരങ്ങൾ കൈവരിച്ച ശേഷവും ഒരാൾ വിനയാന്വിതനായി നിലകൊള്ളണം എന്നത് തന്നെയാണ് ബിഎസ് യെദ്യൂരപ്പയുടെ ജീവിതം കാണിക്കുന്നത് എന്നാണ് പ്രധാനമന്ത്രി ജനങ്ങളോട് പറഞ്ഞത്.
ഏറെ നാളത്തെ ആവശ്യമാണ് ഇവിടെ പൂർത്തീകരിച്ചിരിക്കുന്നത് ശിവമോഗ്ഗയ്‌ക്ക് സ്വന്തം വിമാനത്താവളം ലഭിച്ചുവെന്നും പ്രധാനമന്ത്രി പറഞ്ഞു. വിമാനത്താവളം ഗംഭീരവും മനോഹരവുമാണെന്നും അദ്ദേഹം വ്യക്തമാക്കി . ഇത് കർണാടകയുടെ പാരമ്പര്യത്തിന്റെയും ആധുനിക സാങ്കേതിക വിദ്യയുടെ സമന്വയത്തെയും പ്രതിനിധീകരിക്കുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു.
കഴിഞ്ഞ ദിവസം കർണാടക നിയമസഭയിൽ നടത്തിയ പ്രസംഗത്തിൽ യെദ്യൂരപ്പ പറഞ്ഞിരുന്നു, തന്റെ ജന്മദിനത്തിൽ പ്രധാനമന്ത്രി എത്തുന്നത് ജീവിതത്തിലെ മറക്കാനാകാത്ത നിമിഷമായിരിക്കും എന്ന്. 2007 നവംബർ മാസത്തിൽ 7 ദിവസം ഇദ്ദേഹം കർണാടക മുഖ്യമന്ത്രിയായിരുന്നു. പിന്നീട് 2008 മേയ് മാസം നടന്ന തിരഞ്ഞെടുപ്പിൽ വിജയിച്ച് വീണ്ടും മുഖ്യമന്ത്രിയായി. തെക്കേ ഇന്ത്യയിലെ ഒരു സംസ്ഥാനത്ത് മുഖ്യമന്ത്രിയാകുന്ന ആദ്യത്തെ ബി.ജെ.പി. പ്രവർത്തകൻ കൂടി ആയിരുന്നു യെദിയൂരപ്പ. മൂന്ന് പ്രാവശ്യം അദ്ദേഹം കർണാടക മുഖ്യമന്ത്രി ആയിട്ടുണ്ട്.
















Comments