തിരുവനന്തപുരം: കിഫ്ബി വഴി 9000 കോടിരൂപ കടമെടുക്കാൻ തീരുമാനമെടുത്ത് സംസ്ഥാന സർക്കാർ. മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയിൽ കഴിഞ്ഞ ദിവസം ചേർന്ന കിഫ്ബി യോഗമാണ് തീരുമാനം കൈക്കൊണ്ടത്. കിഫ്ബി അടക്കമുളള സ്ഥാപനങ്ങൾ വഴിയെടുക്കുന്ന കടവും സർക്കാരിന്റെ കടമായി കണക്കാക്കുമെന്ന കേന്ദ്ര തീരുമാനത്തിന് പിന്നാലെയാണ് കിഫ്ബി വഴിയുള്ള വായ്‌പെയെടുപ്പ്.
2021-22 സാമ്പത്തിക വർഷത്തിൽ കിഫ്ബി അടക്കമുള്ള സ്ഥാപനങ്ങൾ വഴി 12,562 കോടി രൂപയാണ് സംസ്ഥാന സർക്കാർ കടമെടുത്തത്. എന്നാൽ ഈ കടവും സർക്കാരിന്റെ കടമായി കണക്കാക്കുമെന്ന് കേന്ദ്രം അറിയിച്ചു. ഇതിന് പിന്നാലെ കിഫ്ബിയുടെ വായ്പയെ സർക്കാരിന്റെ ബാധ്യതയായി കാണരുതെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി കേന്ദ്രത്തിന് കത്തയച്ചു. കത്തിന്മേൽ അനുകൂല തീരുമാനം കേന്ദ്രം കൈക്കൊള്ളുമെന്ന പ്രതീക്ഷയിലാണ് സംസ്ഥാന സർക്കാർ.
23,095 കോടി രൂപയാണ് വിവിധ പദ്ധതികൾക്കായി കിഫ്ബി ഇതുവരെ ചെലവിട്ടത്. കഴിഞ്ഞ ദിവസം ചേർന്ന കിഫ്ബി യോഗം 5,681 കോടി രൂപയുടെ പദ്ധതികൾക്ക് കൂടി ധനാനുമതി നൽകി. 64 പദ്ധതികൾക്കായാണ് ഈ തുക വിനിയോഗിക്കുക.
Comments