ലക്‌നൗ: ഇന്ന് നടക്കുന്ന ലത്മാർ ഹോളി ആഘോഷത്തിൽ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പങ്കെടുക്കും. രാധയുടെയും കൃഷ്ണന്റെയും പട്ടണങ്ങൾ എന്നും അറിയപ്പെടുന്ന ബർസാന , നന്ദ്ഗാവ് എന്നീ ഇരട്ട പട്ടണങ്ങളിൽ ആഘോഷിക്കപ്പെടുന്ന പ്രധാന ആഘോഷമാണ് ലത്മാർ ഹോളി. എല്ലാ വർഷവും, ഹോളി കാലത്ത് ,ആയിരക്കണക്കിന് ഭക്തരും വിനോദസഞ്ചാരികളും ഹോളി ആഘോഷിക്കാൻ ഈ നഗരങ്ങൾ സന്ദർശിക്കാറുണ്ട്. ലത്മാർ ആഘോഷങ്ങൾ സാധാരണയായി ഒരാഴ്ചയിലധികം നീണ്ടുനിൽക്കുകയും രംഗ് പഞ്ചമിയിൽ അവസാനിക്കുകയും ചെയ്യും.
കൊറോണക്ക് ശേഷം പഴയ പ്രൗഢിയോടെ നടത്തുന്ന ആദ്യത്തെ ലത്മാർ ഹോളി കൂടിയാണിത്. അതുകൊണ്ട് തന്നെ ആഘോഷത്തിന് വിപുലമായ സുരക്ഷാ മുന്നൊരുക്കങ്ങളാണ് സംഘടിപ്പിച്ചിരിക്കുന്നത്.
മഥുരയിൽ 25 ദിവസം നീണ്ട് നിൽക്കുന്ന ആഘോഷമാണ് ഹോളി. ഹോളിക്ക് കുറച്ച് ദിവസങ്ങൾക്ക് മുമ്പ് ആരംഭിക്കുന്ന ലത്മാർ ഹോളി ബർസാനയിലെ ഒരു പ്രധാന ആഘോഷമാണ്. ലത്മാർ കേവലം ഒരു ആഘോഷം മാത്രമല്ല ഐക്യത്തിന്റെയും സാഹോദര്യത്തിന്റെയും പ്രാധാന്യം ഓർമ്മപ്പെടുത്തുന്ന ആവസരമാണ്.
Comments