നിറങ്ങള്‍, മധുരപലഹാരങ്ങള്‍, വര്‍ണം വിതറിയുള്ള ആഘോഷം. അതെ, ഇന്ത്യയിലെ ഏറ്റവും വലിയ ഉത്സവമായ ഹോളി ഇങ്ങ് വന്നെത്തി. നാടെങ്ങും വലിയ ഒരുക്കങ്ങള്‍ ആരംഭിച്ചു കഴിഞ്ഞു. പ്രധാനമായും ഉത്തരേന്ത്യയിലെ വലിയ ആഘോഷമാണെങ്കിലും, ദക്ഷിണേന്ത്യയിലേക്കും വ്യാപിച്ചതോടെ ഇന്ത്യയിലെ ഏറ്റവും വര്‍ണാഭമായ ആഘോഷമായി ഹോളി മാറി. തണുപ്പ് കാലത്തിന്റെ അവസാനവും വസന്തത്തിന്റെ വരവും വിളിച്ചറിയിക്കുന്ന ഉത്സവമാണ് ഹോളി. മുഖ്യമായും ഹൈന്ദവ ആഘോഷമായ ഹോളി ഇന്ന് നാനാജാതി മതസ്ഥര്‍ ആഘോഷിക്കുന്നുണ്ട്.
ഇത്തവണത്തെ ഹോളി 2023 മാര്‍ച്ച് ഏഴ്, എട്ട് തീയതികളിലായിട്ടാണ് ആഘോഷിക്കുന്നത്. ഹോളിക ദഹന്റെ മുഹൂര്‍ത്തം മാര്‍ച്ച് ഏഴ് സന്ധ്യക്ക് 06.23 മുതല്‍ 08.51 വരെയാണ്. ഹോളിയുടെ രണ്ടാം ദിവസമാണ് ഭായ് ദൂജ് ആഘോഷിക്കുന്നത്. സഹോദരന്റെയും സഹോദരിയുടെയും സ്‌നേഹത്തിന്റെ പ്രതീകമാണ് ഈ ഉത്സവം.
ഇന്ത്യയിൽ പല ഭാഗത്തും ഹോളിയുമായി ബന്ധപ്പെട്ട് പല ആചാരങ്ങളും ഐതിഹ്യങ്ങളുമുണ്ട്. ഹോളി പണ്ട് കർഷകരുടെ ആഘോഷമായിരുന്നു. എന്നാൽ പിന്നീട് അതു പൂർണമായും ഹൈന്ദവ വിശ്വാസത്തിന്റെ ഭാഗമായി മാറി. കൃഷ്ണനും രാധയും തമ്മിലുള്ള പ്രണയലീല ദിവസങ്ങൾ, കാമദേവന്റെ ത്യാഗത്തിന്റെ കഥ എന്നിങ്ങനെ ഹോളിയ്‌ക്ക് ഐതിഹ്യങ്ങള്‍ ഏറെയാണ്. എങ്കിലും ഉത്തരേന്ത്യയില്‍ ഹിന്ദു പുരാണത്തിലുള്ള പ്രഹ്ലാദന്റെ കഥയാണ് ഹോളിയുടെ അടിസ്ഥാനം. പ്രഹ്ലാദന്റെ പിതാവ് ഹിരണ്യകശിപുവിന്റെ സഹോദരിയായ ഹോളിഗയിൽ നിന്നാണ് ഹോളി എന്ന പേരു തന്നെ കിട്ടിയതത്രേ.
ഹോളിയുടെ ഐതിഹ്യം
രണ്ടു ദിവസത്തെ ആഘോഷമാണ് ഹോളി. ഹോളിഗ ദഹന്‍, ധുലന്ദി എന്നിവയാണ് അവ. രണ്ടാമത്തെ ദിവസമായ ധുലന്ദിയാണ് നിറങ്ങളുടെ ദിവസം. പരസ്പരം നിറം പുരട്ടുമ്പോൾ ശത്രുത അകലുമെന്നതാണ് വിശ്വാസം.
പ്രഹ്ലാദന്റെ പിതാവ് ഹിരണ്യകശിപുവിന്റെ സഹോദരിയായിരുന്നു ഹോളിഗ. മൂന്നു ലോകങ്ങളും കീഴടക്കിയ ഹിരണ്യകശിപു അഹങ്കാരം കൊണ്ടു നിറഞ്ഞു ഭഗവാൻ വിഷ്ണുവിനെ വരെ തനിക്കു കീഴടക്കാനാകുമെന്നു വിശ്വസിച്ചു. ആരും വിഷ്ണുവിനെ ആരാധിക്കരുതെന്നും മൂന്നു ലോകത്തിലുമുള്ള സകലരും തന്നെ ആരാധിക്കണമെന്നും ഹിരണ്യകശ്യപു ഉത്തരവിട്ടു.
എന്നാൽ തന്റെ അഞ്ചുവയസുകാരനായ മകൻ പ്രഹ്ലാദനെ മാത്രം അയാൾക്കു ഭയപ്പെടുത്താനായില്ല. തികഞ്ഞ ഈശ്വരവിശ്വാസിയായിരുന്നു പ്രഹ്ലാദൻ. വിഷ്ണുവിന്റെ ഉത്തമഭക്‌തൻ. അച്ഛന്റെ ആജ്ഞയെ ധിക്കരിച്ചു പ്രഹ്ലാദൻ വിഷ്ണുവിനെ ആരാധിച്ചുകൊണ്ടിരുന്നു. ഇതില്‍ രോഷാകുലനായ ഹിരണ്യകശ്യപു പ്രഹ്ലാദനെ വധിക്കാന്‍ ഉത്തരവിട്ടു. എന്നാൽ വിഷ്ണുവിന്റെ ശക്‌തിയാൽ ആർക്കും അവനെ ഒന്നും ചെയ്യാനായില്ല.
ഇതോടെ ഹിരണ്യകശിപു തന്റെ സഹോദരി ഹോളിഗയുടെ സഹായം തേടി. അഗ്നിദേവൻ സമ്മാനിച്ച വസ്‌ത്രമണിഞ്ഞാൽ അഗ്നിക്കിരയാകില്ലെന്ന വരം ഹോളിഗയ്‌ക്കു കിട്ടിയിരുന്നു. അവർ പ്രഹ്ലാദനെയും കൈകളിലെടുത്തു അഗ്നിയിലേക്കിറങ്ങി. ഒറ്റയ്‌ക്ക് തീയിലിറങ്ങിയാല്‍ മാത്രമേ വരത്തിനു ശക്തിയുണ്ടാകൂ എന്ന് ഹോളിഗ അറിഞ്ഞിരുന്നില്ല. പ്രഹ്ലാദനെ കയ്യിലെടുത്തു കൊണ്ട് അഗ്‌നിയില്‍ പ്രവേശിപ്പിച്ച ഹോളിഗ അഗ്‌നിക്കിരയായി. വിഷ്ണുവിന്റെ അനുഗ്രഹത്താൽ പ്രഹ്ലാദൻ ചെറിയൊരു പൊള്ളൽ പോലും ഏൽക്കാതെ രക്ഷപ്പെട്ടു.
ഹിരണ്യകശ്യപുവിനെ പിന്നീട് വിഷ്ണുവിന്റെ അവതാരമായ നരസിംഹം വധിച്ചു. തിന്മയുടെ മേൽ നന്മ വിജയം നേടിയത് ആഘോഷിക്കാൻ ഹോളിയുമായി ബന്ധപ്പെട്ടു ഹോളിഗയെ കത്തിക്കുന്ന ചടങ്ങുണ്ട്. ഹോളിയുടെ തലേന്നു രാത്രിയാണ് ഈ ചടങ്ങ്. അഗ്‌നിയ്‌ക്കു ചുറ്റും വലം വച്ച് ആളുകള്‍ നന്മയുടെ വിജയത്തിനായി ആ അവസരത്തില്‍ പ്രാര്‍ത്ഥിക്കും. ഈ ദിവസം ചില ആളുകള്‍ പിതൃക്കളെ സ്മരിച്ച് അവര്‍ക്കുവേണ്ടി പ്രത്യേക പൂജ നടത്താറുണ്ട്.
അതേസമയം ഉത്തരേന്ത്യയിലേതിന് സമാനമായി കേരളത്തിലും കുട്ടികളും മുതിര്‍ന്നവരും ഒരുപോലെ ഹോളി ആഘോഷത്തില്‍ പങ്കുചേരുന്നു എന്നതാണ് പ്രത്യേകത. നിലവിൽ കേരളത്തില്‍ ഫോര്‍ട്ട് കൊച്ചിയിലും മട്ടാഞ്ചേരിയിലുമുള്ള ഗുജറാത്തി സമൂഹമാണ് ഹോളി ആര്‍ഭാടമായി ആഘോഷിക്കുന്നത്. ഇപ്പോള്‍ കേരളത്തിലെ ക്യാംപസുകളും ഹോളിയെ നെഞ്ചേറ്റിക്കഴിഞ്ഞു. നിറമുള്ള പൊടികളും നിറം കലക്കിയ വെള്ളം ചീറ്റിക്കുന്ന തോക്കുകളുമൊക്കെ മലയാളികളുടെ ഹോളി ആഘോഷങ്ങള്‍ക്ക് മിഴിവേറ്റുന്നു.
Comments