കോഴിക്കോട് : ചികിത്സയ്‌ക്കെത്തുന്ന രോഗികള്‍ക്ക് അടിസ്ഥാന സൗകര്യങ്ങളില്ലാത്ത കോഴിക്കോട് ഗവ. ബീച്ച് ആശുപത്രിക്കെതിരെ കേസെടുത്ത് മനുഷ്യാവകാശ കമ്മീഷൻ. അത്യാസന്ന നിലയിൽ ആശുപത്രിയിലെത്തുന്ന രോഗികൾക്ക് ഇരിക്കാൻ കസേരയോ മരുന്ന് കഴിക്കുന്നതിന് വെള്ളമോ നൽകാൻ ആശുപത്രിയിൽ സംവിധാനമില്ലെന്ന് മനുഷ്യാവകാശ കമ്മീഷന് പരാതി ലഭിച്ചതിനെ തുടർന്നാണ് നടപടി.
താമരശേരി സ്വദേശിനി അഡ്വ.പി.പി.ബിൽകീസ് ആണ് ആശുപത്രി അധികൃതര്‍ക്കെതിരെ പരാതി നല്‍കിയത്. ഇതോടെ മനുഷ്യാവകാശ കമ്മീഷൻ ആശുപത്രി അധികൃതര്‍ക്കെതിരെ കേസെടുത്ത് നോട്ടീസയച്ചു. സംഭവത്തിൽ കോഴിക്കോട് ജില്ലാ മെഡിക്കൽ ഓഫീസറും ബീച്ച് ഗവ.ആശുപത്രി സൂപ്രണ്ടും 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് ജുഡീഷ്യൽ അംഗം കെ ബൈജു നാഥ് ആവശ്യപ്പെട്ടു. മാർച്ച് 30ന് കോഴിക്കോട് കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടക്കുന്ന സിറ്റിംഗിൽ കേസ് പരിഗണിക്കും.
ഫെബ്രുവരി 22 ന് ജില്ലാ കോടതിയിൽ വിചാരണക്കെത്തിയ സഹപ്രവർത്തകനായ അഭിഭാഷകന് തലകറക്കം അനുഭവപ്പെട്ടതിനെ തുടർന്നാണ് പരാതിക്കാരി കോഴിക്കോട് ഗവ. ബീച്ച് ആശുപത്രിയിലെത്തിയത്.
തുടർന്ന് തലകറക്കത്തിന് ഗുളിക കഴിക്കാനും ഐവി ഫ്ലുയിഡ് നൽകാനും ഡോക്ടർ നിർദേശിച്ചു. എന്നാൽ ഗുളിക കഴിക്കാൻ വെളളം ഉണ്ടായിരുന്നില്ല. അവസാനം സെക്യൂരിറ്റി ജീവനക്കാരനിൽ നിന്നും വെള്ളം കിട്ടിയപ്പോൾ കുടിക്കാൻ ഗ്ലാസില്ല. രോഗിയ്ക്ക് ഇരിക്കാൻ കസേരയുമില്ലായിരുന്നെന്നാണ് അഭിഭാഷകയുടെ പരാതി.
















Comments