ന്യൂഡൽഹി : സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്‌സിന്റെ (സിഐഎസ്എഫ്) വാർഷിക റൈസിംഗ് ദിനാഘോഷങ്ങൾ മാർച്ച് 12-ന് ഹൈദരാബാദിൽ വച്ച് നടക്കും. ഹൈദരാബാദിലെ നാഷണൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി അക്കാദമിയിലാണ് (എൻഐഎസ്എ) ചടങ്ങ് നടക്കുക. ചടങ്ങിൽ മുഖ്യാതിഥിയായി അമിത് ഷാ പങ്കെടുക്കും. കഴിഞ്ഞ വർഷം നടന്ന 53-ാമത് റൈസിംഗ് ദിനാഘോഷവേളയിൽ അമിത് ഷാ പങ്കെടുത്തിരുന്നു.
എല്ലാ വർഷവും ഡൽഹി ഗാസിയാബാദിലെ സിഐഎസ്എഫ് ഗ്രൗണ്ടിലാണ് ചടങ്ങ് നടന്നിരുന്നത്. എന്നാൽ ആദ്യമായാണ് ഡൽഹിയ്‌ക്ക് പുറത്ത് പരിപാടി സംഘടിപ്പിക്കുന്നതെന്ന് സിഐസ്എഫ് ഉദ്യോഗസ്ഥർ പറഞ്ഞു. ആഘോഷങ്ങൾക്കായുള്ള ഒരുക്കങ്ങൾ തകൃതിയായി നടക്കുകയാണെന്നും, ക്ഷണിക്കപ്പെടേണ്ട അതിഥികളുടെ പട്ടിക രൂപപ്പെടുത്തിയെന്നും അധികൃതർ അറിയിച്ചു.
കഴിഞ്ഞ രണ്ട് വർഷത്തോളമായി അർദ്ധസൈനിക സേനകളും ഡൽഹിയ്‌ക്ക് പുറത്താണ് റൈസിംഗ് ഡേ ആഘോഷിച്ചിരുന്നത്. അതേസമയം ഛത്തീസ്ഗഢിലെ ബാസ്തർ ജില്ലയിൽ മാർച്ച് 19-ന് സിആർപിഎഫ് ഉദ്യോഗസ്ഥർ റൈസിംഗ് ഡേ ആഘോഷങ്ങൾ സംഘടിപ്പിക്കുമെന്ന് നേരത്തെ അറിയിച്ചിരുന്നു.
Comments