ന്യൂഡൽഹി: ജി20 വിദേശകാര്യമന്ത്രിമാരുടെ യോഗം ഇന്ന്. ന്യൂഡൽഹിയിലാണ് യോഗം നടക്കുക. റഷ്യ-.യുക്രെയ്ൻ പ്രതിസന്ധി, ഭക്ഷ്യ-ഊർജ്ജ സുരക്ഷ, ഭീകരതയ്‌ക്കെതിരെയുള്ള പോരാട്ടം തുടങ്ങിയ വിഷയങ്ങളിലാകും ചർച്ച നടക്കുക.
റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്‌റോവ്, ചൈനീസ് വിദേശകാര്യ മന്ത്രി ക്വിൻ ഗാങ്, ജർമ്മനിയുടെ അന്നലീന ബെയർബോക്ക്, ഫ്രാൻസിന്റെ കാതറിൻ കൊളോന, അർജന്റീന വിദേശകാര്യ മന്ത്രി സാന്റിയാഗോ കഫീറോ, ഓസ്‌ട്രേലിയയുടെ പെന്നി വോങ്, സൗദി വിദേശകാര്യ മന്ത്രി പ്രിൻസ് ഫൈസൽ ബിൻ ഫർഹാൻ, ഇന്തോനേഷ്യയുടെ റെറ്റ്‌നോ മർസൂഡി, ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി ജെയിംസ്,. യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കെൻ, യൂറോപ്യൻ യൂണിയന്റെ വിദേശകാര്യ ഉന്നത പ്രതിനിധി ജോസെപ് ബോറെൽ ഫോണ്ടെലെസ്, ഇറ്റാലിയൻ വിദേശകാര്യ മന്ത്രി അന്റോണിയോ താജൻ തുടങ്ങിയവർ യോഗത്തിൽ പങ്കെടുക്കും. ഇതിന് പുറമേ ജി20 ഇതര അംഗങ്ങൾ ഉൾപ്പെടെ 40 രാജ്യങ്ങളുടെ പ്രതിനിധികളും ബഹുമുഖ സംഘടനകളും പങ്കെടുക്കും.
ആദ്യത്തെ സെഷനിൽ ഭക്ഷണം, ഊർജ്ജം, ബഹുമുഖവാദം എന്നിവയുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കും. രണ്ടാമത്തെ സെഷനിൽ നാലോ അഞ്ചോ വിഷയങ്ങൾ ശ്രദ്ധാകേന്ദ്രമാകും. ആഗോള നൈപുണ്യ മാപ്പിംഗ്, ആഗോള ടാലന്റ് പൂളുകളിൽ ശ്രദ്ധ കേന്ദ്രീകരിക്കൽ, മയക്കുമരുന്ന്, തീവ്രവാദ വിരുദ്ധത എന്നിവയും ചർച്ചയുടെ ഭാഗമാകുമെന്നാണ് ഔദ്യോഗിക വൃത്തങ്ങൾ നൽകുന്ന വിവരം. ഇന്ത്യയുടെ അദ്ധ്യക്ഷതയിൽ നടക്കുന്ന രണ്ടാമത്തെ മന്ത്രിതല യോഗമാണിത്.
















Comments