1921-ലെ മലബാർ മാപ്പിള ലഹള പ്രമേയമാക്കി രാമസിംഹൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘പുഴ മുതൽ പുഴ വരെ’. മാർച്ച് 3-ന് ചിത്രം പ്രദർശനത്തിനെത്താനിരിക്കെ വലിയ തോതിൽ കേരളത്തിന്റെ പലയിടത്തും സിനിമ പോസ്റ്റ്റുകൾ നശിപ്പിക്കപ്പെടുകയാണ്. ഇതിനെതിരെ രംഗത്തു വന്നിരിക്കുകയാണ് സംവിധായകൻ രാമസിംഹൻ. കോഴിക്കോടും എറണാകുളത്തുമടക്കം സിനിമയുടെ പോസ്റ്ററുകൾ വ്യാപകമായി കീറി കളയുകയാണ്. ഇതിന്റെ ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് അസഹിഷ്ണുതയുടെ പ്രതികരണം എന്നാണ് സംവിധായകൻ പ്രതികരിച്ചിരിക്കുന്നത്.
നേരത്തെ, പോസ്റ്ററുകൾ നശിപ്പിക്കുന്നതിന് പിന്നിൽ ഒരു ഫിലിം കമ്പനിയാണെന്ന് രാമസിംഹൻ വെളിപ്പെടുത്തിയിരുന്നു. സിനിമ പ്രദർശിപ്പിക്കുന്നതിൽ നിന്നും ഇടപ്പള്ളിയിലെ വനിത തിയറ്റർ മാത്രം അവസാന നിമിഷം കാലു വാരിയെന്നും അദ്ദേഹം പറഞ്ഞു. ‘പലയിടത്തും സിനിമയുടെ പോസ്റ്റർ വ്യാപകമായി കീറി കളയുന്നുണ്ട്. പോസ്റ്റർ ഒട്ടിച്ചിട്ട് പശ ഉണങ്ങും മുമ്പു തന്നെ ചിലർ അത് കീറി കളയുന്നു. എറണാകുളത്ത് പോസ്റ്റർ കീറിയവരെയും അവരുടെ ഉദ്ദേശവും ഞങ്ങൾക്ക് വ്യക്തമായി അറിയാം. ഈ അവസാന നിമിഷത്തിൽ അത് തുറന്നു പറഞ്ഞ് പ്രശ്‌നം ഉണ്ടാക്കേണ്ട എന്ന് വിചാരിച്ചിട്ടാണ് പറയാത്തത്. ഒരു ഫിലിം കമ്പനി തന്നെയാണ് ഇതിന് പിന്നിൽ. മേലിൽ ഇത് ആവർത്തിക്കരുത്. ഇനി ആവർത്തിച്ചാൽ ഏത്ര വമ്പനായാലും ഞങ്ങൾ വെളിപ്പെടുത്തും’ എന്നായിരുന്ന രാമസിംഹൻ ഫേയ്സ്ബുക്ക് ലൈവിലൂടെ പ്രതികരിച്ചത്.
മലബാറിൽ നടന്ന ഹിന്ദു വംശഹത്യയിൽ കൊല്ലപ്പെട്ട അറിയപ്പെടാത്ത നൂറുകണക്കിന് നിസ്സഹായരുടെ ജീവിതമാണ് ‘പുഴ മുതൽ പുഴ വരെ’ എന്ന ചിത്രം പ്രേക്ഷകരിലേയ്‌ക്ക് എത്തിക്കുന്നത്. മമധർമ്മ പ്രൊഡക്ഷൻസിന്റെ ബാനറിൽ സിനിമയുടെ തിരക്കഥ, സംവിധാനം, ഗാനരചന, എഡിറ്റിംഗ് എന്നിവ എല്ലാം നിർവ്വഹിച്ചിരിക്കുന്നത് രാമസിംഹൻ തന്നെയാണ്. തലൈവാസൽ വിജയ്, ജോയ് മാത്യു, ആർ.എൽ.വി. രാമകൃഷ്ണൻ എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നത്. വാരിയൻകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ വേഷത്തിലാണ് തലൈവാസൽ വിജയ് എത്തുന്നത്.
















Comments